മെസ്സിയുടെ പേരിലെ തട്ടിപ്പ്: റിപ്പോര്‍ട്ടര്‍ ചാനൽ ഓഫീസിലും, ഉടമ ആന്‍റോ അഗസ്റ്റിന്‍റെ വീടുകളിലും ഫ്ലാറ്റുകളിലും എസ്ഐടി പരിശോധന; തട്ടിപ്പിൽ കേസെടുത്തു

കൊച്ചി: മെസ്സിയുടെ പേരിലെ തട്ടിപ്പിൽ വ്യാപക പരിശോധനയുമായി എസ്ഐടി. കൊച്ചിയിലും വയനാട്ടിലും വ്യാപക റെയ്ഡ്. ആന്റോ അ​ഗസ്റ്റിന്റെ കൊച്ചിയിലെ ഫ്ലാറ്റ്, ജോസ്കുട്ടി അഗസ്റ്റിന്‍റെ ഫ്ലാറ്റ്, വയനാട്ടിലെ തറവാട് വീട്, റിപ്പോർട്ടർ ചാനൽ കൊച്ചി ഓഫീസ്, GOTAD കമ്പനി ഓഫീസ് എന്നിവിടങ്ങളിലാണ് ഒരേ സമയം പരിശോധന നടക്കുന്നത്. പുലർച്ചെ നാല് മണിക്കാണ് പരിശോധന ആരംഭിച്ചത്.

അഞ്ച് വാഹനങ്ങളിലായിട്ടാണ് പൊലീസ് സംഘം എത്തിയത്. എഡിജിപി പി വിജയൻ്റെ നേതൃത്വത്തിലുള്ള എസ്ഐടിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. മെസ്സിയുടെ പേരിലെ തട്ടിപ്പിൽ എസ്ഐടി കേസെടുത്തിട്ടുണ്ട്. കളമശ്ശേരി സ്റ്റേഷനിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വഞ്ചന, തട്ടിപ്പ്, ഗൂഢാലോചന എന്നിവയിലാണ് കേസെടുത്തിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി, ആന്‍റോ അഗസ്റ്റിൻ എന്നിവരെ പ്രതി ചേര്‍ത്തു.

റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫിസില്‍ ഉള്‍പ്പെടെ എറണാകുളം ജില്ലയിലെ നാല് സ്ഥലങ്ങളിലും എസ്‌ഐടിയുടെ നടപടികള്‍ പുരോഗമിക്കുകയാണ്. പുലര്‍ച്ചെയോടെ സെര്‍ച്ച് വാറണ്ടുമായെത്തിയാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫിസില്‍ പൊലീസ് പരിശോധന നടത്തിയത്. നടപടികള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘം ഉള്‍പ്പെടെ ചാനല്‍ ഓഫിസിലേക്ക് എത്തിയിട്ടുണ്ട്. എഡിജിപി പി വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരിശോധനയും ബന്ധപ്പെട്ട നടപടികളും നടത്തി വരുന്നത്. മെസിയെ എത്തിക്കാമെന്ന് പറഞ്ഞ സ്‌പോണ്‍സര്‍ ആന്റോ അഗസ്റ്റിന്റെ വീടും മറ്റ് ഓഫിസുകളുള്ള വയനാട്ടിലും ഇതേ സമയത്ത് തന്നെ മറ്റൊരു സംഘവും പരിശോധനകള്‍ നടത്തിവരികയാണ്.

പ്രധാന ന്യൂസ് ഡെസ്‌കും സ്റ്റുഡിയോയും പ്രവര്‍ത്തിക്കുന്ന കളമശ്ശേരിയിലെ റിപ്പോര്‍ട്ടര്‍ ചാനല്‍ ആസ്ഥാനത്താണ് വ്യാപക പരിശോധന നടക്കുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ അടക്കം കണ്ടെത്തുക എന്നതാണ് പരിശോധനയുടെ ലക്ഷ്യം. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് തട്ടിപ്പ് നടത്താന്‍ മുന്‍ സര്‍ക്കാര്‍ വഴിവിട്ട സഹായങ്ങള്‍ നല്‍കിയിട്ടുണ്ടോ എന്നുള്‍പ്പെടെ കണ്ടെത്തുന്നതിനാണ് പരിശോധന. എല്ലാ വിധ രേഖകളും കൈയിലുണ്ടെന്നും കരാറുകള്‍ സുതാര്യമായിരുന്നുവെന്നുമാണ് സ്‌പോണ്‍സര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഈ വാദങ്ങള്‍ക്ക് ബലം നല്‍കുന്ന രേഖകള്‍ ഇവര്‍ക്ക് കാണിക്കാനും അന്വേഷണ സംഘത്തെ ഇത് ബോധ്യപ്പെടുത്താനും കഴിയുമോ എന്നതാണ് നിര്‍ണായക ചോദ്യം.

Be the first to comment

Leave a Reply

Your email address will not be published.


*