റിപ്പോർട്ടർ ടിവി ഉടമ ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

കൽപ്പറ്റ: റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി അനുവദിച്ച പരിധിയിൽ കൂടുതൽ മദ്യം പിടികൂടി സംഭവത്തിൽ ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി. ആന്‍റോ അഗസ്റ്റിന്‍റെ ഭാര്യാ മാതാവ് ലില്ലി ജോസ് ആണ് കൽപ്പറ്റ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. എക്സൈസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകുമെന്ന് വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് നീക്കം.

നിലവിൽ ലില്ലി ജോസിനെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ലില്ലി ജോസിന്‍റെ മൊഴിയെടുക്കുന്നതിനായി നോട്ടീസ് നൽകാൻ ബത്തേരി കോളിയാടിയുള്ള വസതിയിൽ ഉദ്യോഗസ്ഥർ എത്തിയെങ്കിലും ഇവർ സ്ഥലത്തുണ്ടായിരുന്നില്ല. അനധികൃതമായി മദ്യം കണ്ടെടുത്ത വയനാട് വാഴവറ്റയിലെ വീടിന്റെ ഉടമസ്ഥാവകാശം ഭാര്യാമാതാവിനാണെന്നാണ് ആന്റോ അഗസ്റ്റിൻ സുൽത്താൻ ബത്തേരി കോടതിയിൽ വ്യക്തമാക്കിയത്. ജപ്തിയിലായ വീട് ലേലത്തിൽ പിടിച്ചത് ലില്ലിയാണെന്നാണ് ആന്റോ അഗസ്റ്റിൻ നൽകിയ മൊഴി.

ബാങ്ക് ജപ്തി ചെയ്ത ഈ വീട് ലേലത്തിൽ പിടിച്ചത് ഇവർ ആണെന്നും, കോടതി അറ്റാച്ച്‌‌മെന്റ് നടപടികളുടെ ഭാഗമായി നിലനിൽക്കുന്ന വസ്തുവായതിനാൽ തന്റെ പേരിൽ കേസെടുക്കാനാകില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം. എന്നാൽ, വീടിന്റെ യഥാർത്ഥ കൈവശക്കാരൻ ആന്റോ അഗസ്റ്റിൻ തന്നെയാണെന്ന ഉറച്ച നിലപാടിലാണ് സംഘം.

Be the first to comment

Leave a Reply

Your email address will not be published.


*