യുക്രെയ്ൻ യുദ്ധത്തിൽ കൊല്ലപ്പെട്ട റഷ്യൻ സൈനികരുടെ എണ്ണം അഞ്ച് ലക്ഷത്തോളം

റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതുവരെ 4,90,000-ത്തിലധികം റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി ചോർന്ന റഷ്യൻ സർക്കാർ രേഖകൾ വ്യക്തമാക്കുന്നു. റഷ്യയുടെ ഔദ്യോഗിക സ്ഥിതിവിവരക്കണക്ക് ഏജൻസിയായ റോസ്സ്റ്റാറ്റിൽ നിന്ന് ഹാക്കർമാർ ചോർത്തിയ വിവരങ്ങൾ വിശകലനം ചെയ്താണ് ബിബിസി ന്യൂസ് ഈ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ടത്.

ബെലാറൂസിയൻ സൈബർ പാർട്ടിസാൻസ്, യുക്രെയ്നിന്റെ സൈലന്റ് ക്രോ എന്നീ യുക്രെയ്ൻ അനുകൂല ഹാക്കർ ഗ്രൂപ്പുകളാണ് ഈ നിർണ്ണായക രേഖകൾ ചോർത്തിയത്. 2021 മുതൽ 2026 സെപ്റ്റംബർ വരെയുള്ള 1.1 കോടിയിലധികം മരണ രേഖകളാണ് ഈ ഡാറ്റാബേസിൽ ഉൾപ്പെട്ടിരുന്നത്.

യുക്രെയ്നിലും റഷ്യൻ അതിർത്തി മേഖലകളിലും നടന്ന മരണങ്ങളുടെ സ്ഥലം, പ്രായം, മരണകാരണം, കോടതി വിധികൾ എന്നിവ അടങ്ങിയ സൂക്ഷ്മമായ വിവരങ്ങളാണ് ചോർന്ന രേഖകളിലുള്ളത്. ബിബിസിയുടെ വിശകലനം അനുസരിച്ച് കുറഞ്ഞത് 4,90,334 റഷ്യൻ സൈനികരെങ്കിലും ഈ യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടവരാണ്.

അതേസമയം സ്വതന്ത്ര റഷ്യൻ മാധ്യമമായ മീഡിയസോണ നടത്തിയ വിശകലനത്തിൽ യഥാർത്ഥ മരണസംഖ്യ ഏഴ് ലക്ഷത്തോളം എത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. മരണങ്ങൾ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുന്നതിലെ കാലതാമസവും കാണാതായ സൈനികരുടെ കണക്കുകളും കൂടി ഉൾപ്പെടുത്തിയാണ് ഈ നിഗമനത്തിൽ എത്തിയത്.

കഴിഞ്ഞ വർഷം റഷ്യയിൽ മരണപ്പെട്ട 18-നും 24-നും ഇടയിൽ പ്രായമുള്ള യുവാക്കളിൽ 65 ശതമാനവും യുദ്ധത്തിലാണ് കൊല്ലപ്പെട്ടതെന്ന് രേഖകൾ വെളിപ്പെടുത്തുന്നു. 25-നും 34-നും ഇടയിൽ പ്രായമുള്ളവരിൽ ഇത് 59 ശതമാനമാണ്.

ഇതോടെ റഷ്യയിലെ യുവാക്കളുടെ മരണത്തിനുള്ള പ്രധാന കാരണമായി യുക്രെയ്ൻ യുദ്ധം മാറിയിരിക്കുകയാണ്. ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയായ ജിസിഎച്ച്ക്യുവിന്റെ മേധാവി ആൻ കീസ്റ്റ്-ബട്ട്ലറും റഷ്യൻ സൈനിക മരണസംഖ്യ അഞ്ച് ലക്ഷത്തോളം എത്തിയതായി നേരത്തെ വ്യക്തമാക്കിയിരുന്നു.

2022 ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യ തങ്ങളുടെ സൈനിക നഷ്ടങ്ങളുടെ കൃത്യമായ കണക്കുകൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. തങ്ങളുടെ പക്ഷത്ത് 55,000 സൈനികർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി വ്യക്തമാക്കിയിരുന്നെങ്കിലും സ്വതന്ത്ര ഏജൻസികൾ ഇതിലും ഉയർന്ന കണക്കുകളാണ് ചൂണ്ടിക്കാണിക്കുന്നത്.

പുറത്തുവന്ന പുതിയ റിപ്പോർട്ടുകളെക്കുറിച്ച് പ്രതികരിച്ച ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ഈ കണക്കുകൾ തള്ളിക്കളഞ്ഞു. റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന് മാത്രമാണ് സൈനിക നഷ്ടങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ പുറത്തുവിടാൻ അധികാരമുള്ളതെന്നും മറ്റു കണക്കുകൾ വിശ്വസിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*