കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി സുവേന്ദു അധികാരി. വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മമതയെ വെല്ലുവിളിച്ച അദ്ദേഹം സംസ്ഥാനത്ത് പ്രതിപക്ഷത്തിന് രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടെന്നും നിലനിൽപ്പിനായി കോൺഗ്രസിനെയും സിപിഐഎമ്മിനെയും ആശ്രയിക്കേണ്ട അവസ്ഥയിലാണെന്നും ആരോപിച്ചു. കോൺഗ്രസിൽനിന്ന് വേർപിരിഞ്ഞ് തൃണമൂൽ കോൺഗ്രസ് രൂപീകരിച്ച മുൻ മുഖ്യമന്ത്രി ഇപ്പോൾ താൻ ഉപേക്ഷിച്ച അതേ പാർട്ടിയുടെ കാലിൽ വീണ് രാഷ്ട്രീയ പ്രസക്തി വീണ്ടെടുക്കാൻ ശ്രമിക്കുകയാണെന്ന് മമതയുടെ പേര് പരാമർശിക്കാതെ സുവേന്ദു അധികാരി പരിഹസിച്ചു.
‘നിങ്ങൾ ഡൽഹിയിലേക്ക് പോകണം. പശ്ചിമ ബംഗാളിൽ നിങ്ങൾക്ക് ഇനി ഒന്നും ചെയ്യാനില്ല. കൊൽക്കത്തയിൽ തുടരുന്നതിനുപകരം ഇപ്പോൾ ഡൽഹിയിലേക്കാണ് പോകുന്നത്. കോൺഗ്രസുമായും സിപിഐഎമ്മുമായി സഹകരിച്ച് അവിടെ രാഷ്ട്രീയമായി കാലുറപ്പിക്കാനാണ് ശ്രമം. രാഷ്ട്രീയ പ്രസക്തി നിലനിർത്താൻ ഇപ്പോൾ കോൺഗ്രസിന്റെ കാലിൽ വീഴുകയാണ്’ എന്നായിരുന്നു ദക്ഷിണ 24 പർഗാനാസ് ജില്ലയിലെ ബറുയിപുരിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് കൊണ്ട് സുവേന്ദു അധികാരി വ്യക്തമാക്കിയത്. ബംഗാളിലെ മമതയുടെ രാഷ്ട്രീയ വെല്ലുവിളിയെക്കുറിച്ച് പരാമർശിച്ച അധികാരി തിരഞ്ഞെടുപ്പുകളിൽ രണ്ടുതവണ മമതയെ പരാജയപ്പെടുത്തിയിട്ടുണ്ടെന്നും വീണ്ടും മത്സരിച്ചാൽ ഒരിക്കൽക്കൂടി തോൽപ്പിക്കുമെന്നും പ്രഖ്യാപിച്ചു. ‘ധൈര്യമുണ്ടെങ്കിൽ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കൂ. നിങ്ങളെ രണ്ടുതവണ ഞാൻ തോൽപ്പിച്ചിട്ടുണ്ട്. മമത ബാനർജിയെ ഒരിക്കൽക്കൂടി തോൽപ്പിക്കും’ എന്നായിരുന്നു സുവേന്ദു അധികാരിയുടെ വെല്ലുവിളി. മമതയുടെ അനന്തരവനും ഡയമണ്ട് ഹാർബർ എം.പിയുമായ അഭിഷേക് ബാനർജിയെയും സുവേന്ദു അധികാരി വെല്ലുവിളിച്ചു. 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തനിക്കെതിരെ മത്സരിക്കാനായിരുന്നു വെല്ലുവിളി. ‘അഭിഷേക്, നിങ്ങൾ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ ഞാൻ നിങ്ങളെ തോൽപ്പിക്കും. നിങ്ങൾക്ക് ലഭിച്ച വോട്ടുകളുടെ ഭൂരിപക്ഷത്തേക്കാൾ കുറഞ്ഞത് ഒരു വോട്ടെങ്കിലും അധികം നിങ്ങൾക്കെതിരായ പരാജയത്തിന്റെ ഭൂരിപക്ഷമായി ഉറപ്പാക്കും. ബംഗാളിൽ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താൻ നിങ്ങൾ അനുവദിച്ചിരുന്നില്ല. ധൈര്യമുണ്ടെങ്കിൽ 2029ൽ മത്സരിക്കൂ’ എന്നായിരുന്നു അഭിഷേക് ബാനർജിയോടുള്ള സുവേന്ദു അധികാരിയുടെ വെല്ലുവിളി.

Be the first to comment