‘മറ്റൊരു എപിക് ഫ്യൂറി കൂടി നടപ്പാക്കും’: ആക്രമണ മുന്നറിയിപ്പുമായി ട്രംപ്

അമേരിക്കയുമായി കരാറിലെത്തിച്ചേരാത്തപക്ഷം ഇറാനെതിരെ വീണ്ടും ശക്തമായ സൈനിക ആക്രമണം നടത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കരാറിന് തയാറായില്ലെങ്കിൽ ഇറാനെതിരെ മറ്റൊരു ‘എപിക് ഫ്യൂറി’ കൂടി നടപ്പാക്കുമെന്നാണ് ഫ്ളോറിഡയിൽ നടന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രചാരണ റാലിയിൽ സംസാരിക്കവെ ട്രംപ് ഭീഷണി മുഴക്കിയത്. ഈ വർഷം ഫെബ്രുവരി മുതൽ യു.എസും ഇസ്രായേലും ചേർന്ന് ഇറാനെതിരെ നടത്തുന്ന സംയുക്ത സൈനിക നടപടിയാണ് ‘എപിക് ഫ്യൂറി’.

ഇറാന്റെ ആണവ സമ്പുഷ്ടീകരണ ശേഷിയും സൈനിക-സാമ്പത്തിക ശക്തിയും തകർത്ത ‘ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ’ സൈനിക നടപടിയെക്കുറിച്ചും ട്രംപ് പ്രസംഗത്തിൽ പരാമർശിച്ചു. അതേസമയം, തങ്ങൾക്കെതിരെ വീണ്ടും ആക്രമണമുണ്ടായാൽ അമേരിക്കയും ഇസ്രായേലും വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാൻ പ്രതികരിച്ചു. യു.എസ് തീകൊണ്ട് കളിക്കരുതെന്നും, ആക്രമിക്കപ്പെട്ടാൽ ഗൾഫ് മേഖലയിലെ സമുദ്രത്തിനടിയിലൂടെയുള്ള ആശയവിനിമയ കേബിളുകളും സൈനിക താവളങ്ങളും തകർക്കുമെന്നും ഉന്നത ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Be the first to comment

Leave a Reply

Your email address will not be published.


*