ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാര്‍ രൂപീകരണത്തില്‍ സിപിഐഎം നേതാക്കളുടെ പങ്ക് തുറന്നു പറഞ്ഞ് സോണിയ ഗാന്ധി. ബിലോംഗിങ്, എ ജേര്‍ണി ഓഫ് ലവ് എന്ന തന്റെ ഓര്‍മക്കുറിപ്പിലാണ് സോണിയ ഗാന്ധിയുടെ പരാമര്‍ശം. ഇടതുപാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കുന്നതില്‍ നിര്‍ണായകമായത് സിപിഐഎമ്മാണ്. സിപിഐഎം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത്തുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തി. ജ്യോതി ബസുവിന്റെ പിന്തുണയും സോണിയ ഗാന്ധി ഓര്‍ത്തെടുത്തു.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് മന്‍മോഹന്‍ സിങ്ങിനെ തെരഞ്ഞെടുത്തതിന്റെ കാരണങ്ങളും സോണിയ ഗാന്ധി പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. പ്രധാനമന്ത്രി പദത്തിന് യോഗ്യരായ നിരവധി പേരുണ്ടായിരുന്നെങ്കിലും വിശ്വാസ്യതയും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവുമുള്ള വ്യക്തിയെന്ന നിലയില്‍ ഡോ. മന്‍മോഹന്‍ സിങ്ങിനെയാണ് താന്‍ പരിഗണിച്ചതെന്ന് സോണിയ പറയുന്നു.
സര്‍ക്കാര്‍ അധികാരത്തിലെത്തുന്ന രാഷ്ട്രീയ സാഹചര്യങ്ങളും തീരുമാനത്തെ സ്വാധീനിച്ചു. കോണ്‍ഗ്രസിന് ഇടതുപക്ഷ ചായ്വുണ്ടെന്ന പ്രചാരണവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കേണ്ടിവന്നതും കണക്കിലെടുത്ത് സാമ്പത്തിക നയങ്ങള്‍ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാന്‍ മന്‍മോഹന്‍ സിങ്ങിന് കഴിയുമെന്ന് താന്‍ വിശ്വസിച്ചിരുന്നതായും അവര്‍ കുറിക്കുന്നു.
പി വി നരസിംഹറാവു സര്‍ക്കാരിന്റെ കാലത്ത് 1990കളുടെ തുടക്കത്തില്‍ ഇന്ത്യയില്‍ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയായിരുന്നു മന്‍മോഹന്‍ സിങ്. കോണ്‍ഗ്രസിലെ ഒരു വിഭാഗവുമായും പ്രത്യേക അടുപ്പമില്ലാതിരുന്നതും അദ്ദേഹത്തെ തിരഞ്ഞെടുക്കാന്‍ കാരണമായി. മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ച ശേഷമാണ് പേര് നിര്‍ദേശിച്ചതെന്നും ആദ്യം പ്രധാനമന്ത്രി പദം ഏറ്റെടുക്കാന്‍ വിസമ്മതിച്ച മന്‍മോഹന്‍ സിങ് പിന്നീട് സമ്മതിക്കുകയായിരുന്നുവെന്നും സോണിയ ഗാന്ധി തന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു.

Be the first to comment