തെഹ്‌റാന്‍: ഇറാനെതിരെ ഭാവിയില്‍ ഉണ്ടാകുന്ന ഏത് ആക്രമണവും മുമ്പത്തേതിനേക്കാള്‍ പത്തിരട്ടി ശക്തമായിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഭീഷണി. പിന്നാലെ, അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏത് പുതിയ ആക്രമണത്തിനും പത്തിരട്ടി ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ സായുധ സേനയുടെ മുതിര്‍ന്ന വക്താവ് മറുപടി നല്‍കി. ബ്രിഗേഡിയര്‍ ജനറല്‍ അബോള്‍ഫസല്‍ ഷെക്കാര്‍ച്ചിയാണ് ട്രംപിന്റെ ഭീഷണിക്ക് മറുപടി നല്‍കിയിത്. അമേരിക്കന്‍ ലക്ഷ്യസ്ഥാനങ്ങള്‍ തങ്ങളുടെ പരിധിയിലാണെങ്കില്‍ അവ ആക്രമിക്കപ്പെടുമെന്ന് ഷെകാര്‍ച്ചി പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്‍ യുദ്ധത്തിന്റെ ഭാവി സംബന്ധിച്ച് പരസ്പരവിരുദ്ധമായ സൂചനകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് ഈ പ്രതികരണങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഈ മാസം ആദ്യം നടന്ന യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേടിയ വിജയം, മിഡില്‍ ഈസ്റ്റില്‍ സമാധാനത്തിലേക്കുള്ള കൂടുതല്‍ പുരോഗതിക്ക് വഴിയൊരുക്കുമെന്ന പ്രതീക്ഷ വര്‍ധിച്ചിട്ടുണ്ട്. അതേസമയം, ഹോര്‍മുസ് കടലിടുക്കില്‍ എണ്ണ ടാങ്കറുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ തുടരാന്‍ സാധ്യതയുണ്ടെങ്കിലും, ഈ മേഖലയില്‍ നിന്നുള്ള എണ്ണ നീക്കം വീണ്ടും സജീവമാകുന്നതായി ഷിപ്പിംഗ് വിവരങ്ങള്‍ സൂചിപ്പിക്കുന്നു.
ഇറാനില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തേണ്ടി വരുമെന്ന് കരുതുന്നില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇറാനിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനായ മൊഹ്സെന്‍ റെസായിയുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ആലോചിക്കുന്നതായി ‘ദി വാള്‍ സ്ട്രീറ്റ് ജേണല്‍’ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു. നവംബറില്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രകടനം മോശമായതിന് പ്രധാന കാരണം ഈ യുദ്ധമാണെന്ന് വാന്‍സ് കുറ്റപ്പെടുത്തിയിരുന്നു. അതിനാല്‍, ഈ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക നടത്തുന്ന പുതിയൊരു നീക്കമായിരിക്കാം ഈ ചര്‍ച്ചകള്‍ എന്നാണ് വിലയിരുത്തല്‍.

Be the first to comment