തലസ്ഥാനത്ത് വിദ്യാര്‍ഥി പ്രക്ഷോഭം ആളിക്കത്തുന്നു: കൊണാട്ട് പ്ലേസില്‍ നൂറോളം പേര്‍ കസ്റ്റഡിയില്‍

വിവിധ വിദ്യാര്‍ഥി സംഘടനകള്‍ രാജ്യതലസ്ഥാനത്ത് നടത്തിവരുന്ന ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെ കൊണാട്ട് പ്ലേസില്‍ സംഘര്‍ഷാവസ്ഥ. ദിശാ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കൊണാട്ട് പ്ലേസ് ഔട്ടര്‍ സര്‍ക്കിളില്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ക്രൂരമായ നടപടികളാണ് സ്വീകരിച്ചത്. പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ പോലീസ് മര്‍ദിക്കുകയും ബലമായി വലിച്ചിഴച്ച് വാഹനങ്ങളില്‍ കയറ്റുകയും ചെയ്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

പോലീസ് വാഹനത്തിനുള്ളിലിട്ട് വിദ്യാര്‍ഥികളെ നിലത്തിട്ട് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ക്രാന്തികാരി പാര്‍ട്ടി, ഭാരത് ക്രാന്തികാരി മസ്ദൂര്‍ പാര്‍ട്ടി തുടങ്ങിയ സംഘടനകളും സമരത്തിന് പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. പ്രതിഷേധങ്ങള്‍ വ്യാപിപ്പിച്ചുകൊണ്ട് ആര്‍.കെ ആശ്രമം മാര്‍ഗിലും ഐസ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചും പോലീസ് നേരിട്ടു. ബാരിക്കേഡുകള്‍ മറികടന്ന് മുന്നേറാന്‍ ശ്രമിച്ച ഐസ നേതാവ് നേഹാ ബോറയെയും മറ്റ് പ്രവര്‍ത്തകരെയും പോലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തു.

ഡല്‍ഹിയിലെ വിവിധ കേന്ദ്രങ്ങളിലായി നൂറിലധികം പ്രതിഷേധക്കാരെയാണ് പോലീസ് ഇതുവരെ കസ്റ്റഡിയിലെടുത്ത് നീക്കിയത്. പോലീസിന്റെ കണ്ണുവെട്ടിക്കാന്‍ സമര കേന്ദ്രങ്ങള്‍ തുടര്‍ച്ചയായി മാറ്റിമാറ്റിയാണ് വിവിധ സംഘടനകള്‍ പ്രതിഷേധവുമായി മുന്നോട്ട് പോകുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ സന്‍സദ് മാര്‍ഗ് ഉള്‍പ്പെടെയുള്ള പ്രധാന മേഖലകളില്‍ ഡല്‍ഹി പോലീസിനൊപ്പം ആര്‍.പി.എഫും സി.ആര്‍.പി.എഫും ചേര്‍ന്ന് കനത്ത സുരക്ഷാാവലയത്തിലാണ്.

Be the first to comment

Leave a Reply

Your email address will not be published.


*