ശ്വാസകോശത്തില്‍ മുഴ: പോപ്പ് ലിയോ പതിനാലാമന്‍ ഉടന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകും

ശ്വാസകോശത്തില്‍ മുഴ കണ്ടെത്തിയതിനെ തുടര്‍ന്ന് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ ഉടന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്ന് വത്തിക്കാന്‍ ഔദ്യോഗികമായി അറിയിച്ചു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഒത്തുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ, പതിവ് വൈദ്യപരിശോധനയ്ക്കിടയിലാണ് രോഗാവസ്ഥ തിരിച്ചറിഞ്ഞതെന്ന് 71 കാരനായ മാര്‍പാപ്പ വ്യക്തമാക്കുകയായിരുന്നു.

സമീപകാലത്ത് നടത്തിയ ചില വൈദ്യപരിശോധനകള്‍ക്കിടയിലാണ് ശ്വാസകോശത്തില്‍ ചെറിയൊരു മുഴ കണ്ടെത്തിയതെന്നും, എന്നാല്‍ അത് വളരെ പ്രാരംഭ ഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞതിനാല്‍ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാണെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം അറിയിച്ചു.

റോമിലെ പ്രശസ്തമായ ജെമെല്ലി ആശുപത്രിയിലാണ് ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്. വരുന്ന ആഴ്ച തന്നെ ശസ്ത്രക്രിയ നടത്തും. ശസ്ത്രക്രിയയ്ക്ക് ശേഷം മാര്‍പാപ്പയ്ക്ക് ഏകദേശം ഒരു ആഴ്ചത്തെ ആശുപത്രിവാസവും തുടര്‍ന്നുള്ള വിശ്രമവും വേണ്ടിവരുമെന്ന് ഹോളി സീ പ്രസ് ഓഫീസ് വക്താവ് മാറ്റിയോ ബ്രൂണി മാധ്യമങ്ങളെ അറിയിച്ചു.

തനിക്ക് രോഗസൗഖ്യം നേരുന്നവര്‍ക്കും പ്രാര്‍ത്ഥനകളില്‍ ഓര്‍ക്കുന്നവര്‍ക്കും മാര്‍പ്പാപ്പ നന്ദി അറിയിച്ചു. താന്‍ പൂര്‍ണ്ണമായി ദൈവത്തിലും പ്രാര്‍ത്ഥനകളിലും ആശ്രയിക്കുന്നുവെന്നും അദ്ദേഹം സന്ദേശത്തില്‍ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*