കൊല്ലം ചിതറയിൽ വാടകയെ തുടർന്നുള്ള തർക്കത്തിൽ വീട് ഇടിച്ചു നിരത്തിയ സംഭവത്തിൽ ഉടമകളെ പ്രതിചേർത്ത് കേസെടുത്ത് പൊലീസ്. ചിതറ മാങ്കോട് സ്വദേശികളായ ദിൽബർ, അൻവർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കെട്ടിടം ഒഴിഞ്ഞുകൊടുക്കാത്തതാണ് പ്രകോപനത്തിന് കാരണമായത്. വ്യാജ പരാതി നൽകി പൊലീസിനെ ഉടമകൾ തെറ്റിദ്ധരിപ്പിച്ചുവെന്നും ചിതറ പൊലീസ് പറയുന്നു.
ചിതറ സ്വദേശികളായ അബ്ദുൾ വാഹിദും ഭാര്യ സുഹറ ബീവിയും താമസിച്ചിരുന്ന വാടക കെട്ടിടമാണ് ഇവർ ഇടിച്ചു നിരത്തിയത്. ഉടമ നൽകിയ പരാതിയിൽ വീട്ടുകാരെ ചിതറ പൊലീസ്, സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വിവരം എടുക്കുന്നതിനിടെയായിരുന്നു സംഭവം.
സുഹറ ബീവി ചീത്ത വിളിച്ചെന്ന ഉടമകളുടെ പരാതിയിൽ ഭാര്യയെയും ഭർത്താവിനെയും ചിതറ പൊലീസ്, സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ഈ സമയത്താണ് ഉടമകൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വീട് പൂർണമായും ഇടിച്ചു തകർത്തത്. ഒരു വാടക തർക്കം അങ്ങനെ രണ്ടുപേരെ പെരുവഴിയിലാക്കി.
മാസങ്ങളായി തുടർന്നുപോന്ന വാടക തർക്കവും, സ്ഥലം ഒഴിയണമെന്നുള്ള ഉടമകളുടെ ആവശ്യവും താമസക്കാർ ആവശ്യം നിരസിച്ചു, തങ്ങൾ വസ്തുവിനുള്ളിൽ ചെലവാക്കിയിട്ടുള്ള തുക മടക്കി തന്നാൽ വീടൊഴിയാം എന്ന് മറുപടി നൽകി. പരാതികൾ കോടതിയിൽ എത്തി, കോടതി ഉത്തരവ് ഉടമകൾക്ക് അനുകൂലമായി, പക്ഷെ താമസക്കാർ കോടതിയിൽ നിന്ന് സ്റ്റേ ഓർഡർ വാങ്ങി. തർക്കങ്ങൾ തുടരവെയാണ് ദമ്പതികളുടെ കിടപ്പാടം ഇല്ലാതാക്കിയ നടപടി ഉടമകളുടെ ഭാഗത്ത് നിന്നുണ്ടായത്. ഉടമകളെ പ്രതിചേർത്ത് FIR ഇട്ട് ചിതറ പൊലീസ് അന്വേഷണം ആരംഭിച്ചു. കുടുംബത്തിന് അന്തിയുറങ്ങാൻ താൽകാലിക സൗകര്യം ഒരുക്കി നൽകുമെന്ന് പൊലീസ് അറിയിച്ചു.

Be the first to comment