അര്‍ജന്റീന ടീമിനെ എത്തിക്കുമെന്ന വാഗ്ദാനത്തിന്റെ പേരില്‍ കലൂര്‍ സ്റ്റേഡിയം നവീകരണത്തിന് കൈമാറിയതിലും ഗുരുതര ചട്ടലംഘനം. മിനിമം ഗ്യാരണ്ടി, ലൈസന്‍സ് തുക, റവന്യു ഷെയറിങ് എന്നിവയില്‍ സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷനും സര്‍ക്കാരും തമ്മില്‍ കരാറില്ല. 5 കോടി രൂപ ഡെപ്പോസിറ്റ് ഒഴിവാക്കി നല്‍കിയതിലും ദുരൂഹത.
സ്‌റ്റേഡിയം കൈമാറ്റവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ വലിയ വിവാദങ്ങള്‍ ഉയര്‍ന്നതാണ്. ജിസിഡിഎ നിയന്ത്രണത്തിലുള്ള സ്റ്റേഡിയം അര്‍ജന്റീന മത്സരത്തിനായി നവീകരണത്തിനായാണ് സ്‌പോണ്‍സര്‍ക്ക് കൈമാറിയത്. ഇതിനായി സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ എന്നൊരു സ്ഥാപനം കൂടി രൂപീകരിച്ചു. അതുവഴിയാണ് കൈമാറിയത്. സ്‌പോര്‍ട്്‌സ് കേരള ഫൗണ്ടേഷന്റെ ചെയര്‍മാനായിരുന്നത് മുന്‍മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. കായിക വകുപ്പ് നടത്തിയ പരിശോധനയില്‍ സ്‌റ്റേഡിയം കൈമാറ്റവുമായി ബന്ധപ്പെട്ട് അടിമുടി തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.
പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് സ്റ്റേഡിയം കൈമാറാന്‍ നിര്‍ദേശിച്ചതെന്ന് കണ്ടെത്തല്‍. മിനിമം ഗ്യാരണ്ടീ, ലൈസന്‍സ് തുക, റവന്യു ഷെയറിംഗ് എന്നിവയിലൊന്നും കരാറില്ലെന്നതാണ് പ്രധാന കണ്ടെത്തല്‍. ഒപ്പം തന്നെ സ്വകാര്യ വ്യക്തിക്ക് ഇത്തരത്തില്‍ സ്റ്റേഡിയം കൈമാറുമ്പോള്‍ അഞ്ച് കോടി രൂപ ഡെപ്പോസിറ്റ് നല്‍കേണ്ടതുണ്ട്. ആ ഡെപ്പോസിറ്റ് തുക ഒഴിവാക്കി നല്‍കി. അതെന്തിനെന്ന ചോദ്യവും റിപ്പോര്‍ട്ടില്‍ ചോദിക്കുന്നുണ്ട്. കുടിശിക തുക റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയില്‍ നിന്ന് തിരിച്ചുപിടിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പൊതുസമ്പത്ത് സംരക്ഷിക്കുന്നതില്‍ ജിസിഡിഎയ്ക്ക് ഗുരുതര വീഴ്ച്ച സംഭവിച്ചു. ഭരണത്തലത്തിലുള്ള വീഴ്ചയും സംഭവിച്ചു. സ്റ്റേഡിയം തിരികെ കൈമാറുന്ന കരാറും ഉണ്ടായിട്ടില്ലെന്ന് കായിക വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

Be the first to comment