യുക്രൈൻ യുദ്ധമുഖത്ത് എത്തുന്ന റഷ്യൻ സൈനികരുടെ ജീവന് 35 മിനിറ്റ് ആയുസ്സ് മാത്രം: ജോൺ റാറ്റ്ക്ലിഫ്

യുക്രൈൻ യുദ്ധത്തിൽ റഷ്യ കനത്ത തിരിച്ചടിയും കനത്ത ആളപായവും നേരിടുന്നു എന്നതിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. യുക്രൈനിലെ റഷ്യൻ മുന്നണിയിൽ എത്തുന്ന ഒരു പുതിയ സൈനികന്റെ ശരാശരി ആയുസ്സ് കേവലം 35 മിനിറ്റിൽ താഴെ മാത്രമാണെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയുടെ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ് വെളിപ്പെടുത്തി.

മോസ്കോയിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയ സിഐഎ മേധാവി റഷ്യൻ രഹസ്യാന്വേഷണ വിഭാഗമായ എഫ്എസ്ബിയുടെ തലവൻ അലക്സാണ്ടർ ബോർട്നിക്കോവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് യുദ്ധക്കളത്തിലെ ദാരുണമായ യാഥാർത്ഥ്യങ്ങൾ വ്യക്തമാക്കിയത്. റഷ്യയുടെ സൈനിക സാമ്പത്തിക നില കൂടുതൽ തകരുന്നതിന് മുൻപ് അടിയന്തരമായി സമാധാന ചർച്ചകൾക്ക് തയ്യാറാകണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

യുക്രൈന്റെ എഐ നിർമ്മിത ഡ്രോണുകളുടെ അതിശക്തമായ ആക്രമണമാണ് റഷ്യൻ സൈന്യത്തിന് വൻ നാശനഷ്ടങ്ങൾ വിതയ്ക്കുന്നത്. വലിപ്പത്തിലും ആളബലത്തിലും റഷ്യ മുന്നിലാണെങ്കിലും യുക്രൈൻ വികസിപ്പിച്ചെടുത്ത ആധുനിക ഡ്രോൺ സാങ്കേതികവിദ്യ റഷ്യൻ മുന്നേറ്റങ്ങളെ പൂർണ്ണമായും തടഞ്ഞുനിർത്തിയിരിക്കുകയാണ്. കഴിഞ്ഞ 18 മാസത്തിനിടെ യുക്രൈന്റെ കേവലം ഒരു ശതമാനം പ്രദേശം മാത്രമാണ് റഷ്യയ്ക്ക് പിടിച്ചെടുക്കാൻ സാധിച്ചതെന്ന് സിഐഎ വിലയിരുത്തുന്നു. ഓരോ ആഴ്ചയിലും ശരാശരി 7,000 നടുത്ത് റഷ്യൻ സൈനികർ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്യുന്നുണ്ട്.

വ്ലാഡിമിർ പുടിന് യുദ്ധക്കളത്തിലെ യാഥാർത്ഥ്യങ്ങളെക്കുറിച്ച് സ്വന്തം ഉദ്യോഗസ്ഥരിൽ നിന്ന് കൃത്യമായ വിവരങ്ങൾ ലഭിക്കുന്നില്ലെന്ന സംശയത്തെ തുടർന്നാണ് സിഐഎ തലവൻ നേരിട്ട് മോസ്കോയിലെത്തിയത്. സമാധാന ചർച്ചകളിൽ നിന്ന് പിന്മാറിയാൽ ഉണ്ടാകുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ റഷ്യയെ ബോധ്യപ്പെടുത്താനായിരുന്നു ഈ നീക്കം.

Be the first to comment

Leave a Reply

Your email address will not be published.


*