ഉത്തര മലബാറിൻ്റെ മണ്ണിലേക്ക് വീണ്ടും ദൈവങ്ങളിറങ്ങി വരികയാണ്. തുലാം പത്ത് പിറന്നതോടെ ഉത്തര മലബാറിലെ കാവുകളിലും തറവാടുകളിലും വീണ്ടുമൊരു തെയ്യക്കാലത്തിന് തുടക്കമായി. കണ്ണൂർ, കാസർകോട് ജില്ലകളിലെ ആയിരക്കണക്കിന് ചെറുതും വലുതുമായ കാവുകളിലും തറവാട് ക്ഷേത്രങ്ങളിലും വരുന്ന മാസങ്ങളിൽ വിവിധ തെയ്യങ്ങൾ കെട്ടിയാടും.
കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ഉൾപ്പെടെയുള്ള പ്രമുഖ കാവുകളിലാണ് ആദ്യ കളിയാട്ടങ്ങൾ പ്രധാനമായും അരങ്ങേറുന്നത്. കണ്ണൂരിലെ തെയ്യക്കാലത്തിന് തുടക്കം കുറിക്കുന്നത് തുലാം പത്തിന് കൊളച്ചേരി ചാത്തമ്പള്ളിക്കാവിലാണ്. ഇവിടെ വിഷകണ്ഠൻ തെയ്യം, തായ് പരദേവത, ഗുളികൻ തെയ്യങ്ങൾ എന്നിവ കെട്ടിയാടി. കടുത്ത ചൂടിനെപ്പോലും അവഗണിച്ചുകൊണ്ട് വൻ ജനക്കൂട്ടമാണ് കൊളച്ചേരി ചാത്തമ്പള്ളി കാവിലെത്തിയത്.
ഇനിയുള്ള ദിവസങ്ങളിൽ പെരുങ്കളിയാട്ടങ്ങളും വിവിധ സ്ഥലങ്ങളിൽ വിപുലമായി നടക്കും. നാലു ദിവസത്തോളം നീണ്ടുനിൽക്കുന്ന പെരുങ്കളിയാട്ടത്തിന് പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് അതിർത്തികൾ കടന്ന് എത്തിച്ചേരുന്നത്. എരമം കുറ്റൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, പയ്യന്നൂർ എടനാട് തിരുവർക്കാട് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ ഇക്കുറി വിപുലമായ പെരുങ്കളിയാട്ടമുണ്ട്.
കാവുകളിൽ ചെണ്ടമേളങ്ങളുടെ താളത്തിനൊപ്പം ഉഗ്രമൂർത്തികളും ശാന്തസ്വരൂപികളും അരങ്ങിലെത്തും. അരയിൽ ആളുന്ന പന്തങ്ങളുമായി ഉറഞ്ഞുതുള്ളുന്ന ഉഗ്രമൂർത്തിയായ ഘണ്ടാകർണനും, വരദായിനിയായ മുച്ചിലോട്ട് ഭഗവതിയും, തീച്ചാമുണ്ഡിയും, മന്ത്രമൂർത്തിയും, തമ്പുരാട്ടിയും തുടങ്ങി നൂറുകണക്കിന് വൈവിധ്യമാർന്ന തെയ്യങ്ങളാണ് ഇനിയുള്ള മാസങ്ങളിൽ ഉറഞ്ഞാടുക. അനുഗ്രഹം തേടിയും സങ്കടങ്ങൾ ഉണർത്തിക്കാനും കാവുകളിൽ എത്തുന്ന ഭക്തജനങ്ങൾ രാപ്പകലുകളെ പൂർണമായും ഭക്തി സാന്ദ്രമാക്കും.
അടുത്ത വർഷം മെയ് അവസാനത്തോടെയോ ജൂൺ ആദ്യവാരത്തോടെയോ വളപട്ടണം കളരിവാതിൽക്കൽ ഭഗവതി ക്ഷേത്രത്തിലെയും മാടായിക്കാവിലെയും വലിയ കളിയാട്ടങ്ങളോടെ ഈ വർഷത്തെ തെയ്യക്കാലത്തിന് ഔദ്യോഗിക സമാപനമാകും.

Be the first to comment