ചണ്ഡീഗഢ്: പഞ്ചാബിൽ ബിജെപിയും ശിരോമണി അകാലിദളും സഖ്യത്തിലായതിനെ വിമർശിച്ച് കോൺഗ്രസ്. ബിജെപി വിരുദ്ധ നിലപാടിൽ നിന്ന് അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദൽ പിന്നോട്ടുപോയെന്നും കർഷകസമരത്തെ വഞ്ചിച്ചുവെന്നുമാണ് പഞ്ചാബ് കോൺഗ്രസിന്റെ ആരോപണം. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബിജെപിയും ശിരോമണി അകാലിദളും വീണ്ടും ഒന്നിച്ചതെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.
കർഷക സംഘടനകൾ ബിജെപി-അകാലിദൾ സഖ്യത്തിനെതിരെ രംഗത്തെത്തിയെന്ന വാർത്ത പങ്കുവെച്ചുകൊണ്ടാണ് പഞ്ചാബ് കോൺഗ്രസ് സമൂഹമാധ്യമമായ എക്സിലൂടെ വിമർശനം ഉന്നയിച്ചത്. അധികാരം ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കമാണ് പുതിയ സഖ്യമെന്നും പഞ്ചാബിലെ കർഷകർ നേരിടുന്ന പ്രതിസന്ധികളെ അവഗണിച്ചുകൊണ്ടാണ് ഇത്തരമൊരു കൂട്ടുകെട്ടിന് രൂപം നൽകിയിരിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.
സഖ്യത്തെ പഞ്ചാബിലെ കർഷക സംഘടനകൾ ശക്തമായി വിമർശിച്ചിരിക്കുകയാണ്. അവരുടെ വിമർശനം തികച്ചും ന്യായമാണ്. നേരത്തെ ബിജെപിയെ കർഷകവിരുദ്ധരെന്നും പഞ്ചാബ് വിരുദ്ധരെന്നും വിശേഷിപ്പിച്ചിരുന്ന അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദൽ ഇപ്പോൾ അതേ പാർട്ടിയുടെ മുന്നിൽ വീണ്ടും അഭയം തേടിയിരിക്കുകയാണ്. അധികാരം നേടാനുള്ള ആർത്തി മാത്രമാണ് ഈ സഖ്യത്തിന് പിന്നിലെന്നും കുറിപ്പിൽ പറയുന്നു.

Be the first to comment