കാമുകിക്ക് ഐഫോൺ സമ്മാനിക്കാൻ 12 കിലോ കഞ്ചാവ് കടത്തിയ യുവാവും സുഹൃത്തും അറസ്റ്റിൽ

ഒഡീഷയിൽ നിന്ന് ഹൈദരാബാദിലേക്ക് 12 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് യുവാക്കൾ പിടിയിൽ. തെലങ്കാന എലൈറ്റ് ആക്ഷൻ ഗ്രൂപ്പ് ഫോർ ഡ്രഗ് ലോ എൻഫോഴ്‌സ്‌മെന്റ് (EAGLE) ഫോഴ്‌സും പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാക്കളെ പിടികൂടിയത്. പെദ്ദപ്പള്ളി സ്വദേശി മിത്ര ചൈതന്യ (21), ഇയാളുടെ സുഹൃത്തായ ഹെമലത (20) എന്നിവരാണ് അറസ്റ്റിലായത്.

കാമുകിക്ക് ഐഫോൺ വാങ്ങുന്നതിന് വേണ്ടിയാണ് യുവാവ് സുഹൃത്തിനൊപ്പം ലഹരിക്കടത്ത് നടത്തിയത്. ഹൈദരാബാദിൽ കഞ്ചാവ് വിൽക്കാനായിരുന്നു ചൈതന്യ പദ്ധതിയിട്ടതെന്ന് പൊലീസ് പറഞ്ഞു. ഇതിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ഐഫോൺ വാങ്ങാനും ഇയാൾ പദ്ധതിയിട്ടിരുന്നതായി പൊലീസ് അറിയിച്ചു.

‌കഞ്ചാവ് വാങ്ങുന്നതിനായി ഇരുവരും ഒഡീഷയിലെ പസുപുലങ്ക പ്രദേശത്ത് അഞ്ച് ദിവസം തങ്ങിയിരുന്നു. ഭഗവാൻ ഹന്താൽ എന്നയാളിൽ നിന്ന് 16,000 രൂപയ്ക്ക് 12 കിലോ കഞ്ചാവ് വാങ്ങിയെന്നാണ് കണ്ടെത്തൽ.

തുടർന്ന് ദാരകൊണ്ട, മാരേഡുമില്ലി, രാജമഹേന്ദ്രവരം വഴി ഹൈദരാബാദിലേക്ക് മടങ്ങുന്നതിനിടെയാണ് ഇരുവരും വൈറയിലെത്തിയത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതികളുടെ ബൈക്ക് പൊലീസ് ജീപ്പുമായി കൂട്ടിയിടിച്ചിരുന്നു

ഇടിയുടെ ആഘാതത്തിൽ ഒരു സബ് ഇൻസ്‌പെക്ടർക്ക് പരിക്കേറ്റു. ചൈതന്യയ്ക്കും ഹെമലതയ്ക്കും പരിക്കേറ്റിട്ടുണ്ട്. തുടർന്ന് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ആറ് ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവും നാല് ഫോണുകളും പൾസർ ബൈക്കും പിടികൂടി. ഒഡീഷയിൽ നിന്ന് ഹൈദരാബാദിലേക്ക് കഞ്ചാവ് എത്തിക്കുന്നതിന് പിന്നിൽ പ്രവർത്തിക്കുന്ന കൂടുതൽ ആളുകളെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*