പാക്കിസ്ഥാനിൽ 2026-ന്റെ ആദ്യ പത്ത് മാസങ്ങളിൽ മതന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട പെൺകുട്ടികളെയും സ്ത്രീകളെയും തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനം നടത്തിയ 84 കേസുകളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടതായി വെളിപ്പെടുത്തൽ. മതന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ നിരീക്ഷിക്കുന്ന ‘സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസ്’ പ്രസിദ്ധീകരിച്ച പുതിയ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തലുള്ളത്.
പുതിയ വിവരങ്ങൾ പ്രകാരം, ജനുവരിക്കും ഒക്ടോബറിനും ഇടയിൽ പഞ്ചാബ്, സിന്ധ്, ബലൂചിസ്ഥാൻ പ്രവിശ്യകളിലായി 49 ക്രൈസ്തവ യുവതികളും 35 ഹൈന്ദവ സ്ത്രീകളും തട്ടിക്കൊണ്ടു പോകലിനും നിർബന്ധിത മതപരിവർത്തനത്തിനും ഇരയായതായി വ്യക്തമാക്കുന്നു. മുൻവർഷങ്ങളിൽ സിന്ധ് പ്രവിശ്യയിലായിരുന്നു ഇത്തരം കേസുകൾ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതെങ്കിൽ, പുതിയ കണക്കുകൾ പ്രകാരം ഈ പത്ത് മാസത്തിനിടെ പഞ്ചാബിൽ 47 കേസുകളും സിന്ധിൽ 36-ഉം ബലൂചിസ്ഥാനിൽ ഒരു കേസുമാണ് റിപ്പോർട്ട് ചെയ്തത്.
പഞ്ചാബിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 47 കേസുകളിൽ 46 ഇരകളും ക്രൈസ്തവരാണ്. സിന്ധിലെ 36 കേസുകളിലെ ഇരകളിൽ 33 പേർ ഹൈന്ദവരും മൂന്നു പേർ ക്രൈസ്തവരും ആണ്. മുൻവർഷങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട തട്ടിക്കൊണ്ടുപോകലുകളുടെയും നിർബന്ധിത മതപരിവർത്തനങ്ങളുടെയും 70 ശതമാനവും സിന്ധിലും 28 ശതമാനം പഞ്ചാബിലുമായിരുന്നു.
84 ഇരകളിൽ 37 പേർ 14-നും 17-നും ഇടയിൽ പ്രായമുള്ളവരാണ്. ആറ് പേർ 14 വയസ്സിന് താഴെയുള്ളവരും. 31 പേർ പ്രായപൂർത്തിയായവരാണ്; പത്തുപേരുടെ പ്രായം തിട്ടപ്പെടുത്താനും കഴിഞ്ഞിട്ടില്ല. ചുരുക്കത്തിൽ, ഇരകളിൽ 43 പേരെങ്കിലും 18 വയസ്സിന് താഴെയുള്ളവരാണ്. തട്ടിക്കൊണ്ടുപോകൽ, നിർബന്ധിത മതപരിവർത്തനം, ശൈശവ വിവാഹം എന്നിവയ്ക്ക് ന്യൂനപക്ഷ വിഭാഗങ്ങളിലെ കുട്ടികൾ എത്രത്തോളം ഇരയാകുന്നുണ്ടെന്നതിലേക്കാണ് ഈ റിപ്പോർട്ട് വിരൽചൂണ്ടുന്നത്.
ക്രൈസ്തവ, ഹൈന്ദവ പെൺകുട്ടികളെയും സ്ത്രീകളെയും തട്ടിക്കൊണ്ടുപോകുകയോ മതം മാറാൻ നിർബന്ധിക്കുകയോ ചെയ്ത ശേഷം മുസ്ലീം പുരുഷന്മാരെക്കൊണ്ട് വിവാഹം കഴിപ്പിക്കുന്ന തുടർച്ചയായ അതിക്രമങ്ങളുടെ പട്ടികയിലേക്കാണ് ഈ പുതിയ കണക്കുകളും ചേർക്കപ്പെടുന്നത്. 2021-നും 2025-നും ഇടയിൽ പാക്കിസ്ഥാനിലുടനീളം ന്യൂനപക്ഷ പെൺകുട്ടികളെയും സ്ത്രീകളെയും തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനം നടത്തിയ 515 കേസുകൾ സി.എസ്.ജെ രേഖപ്പെടുത്തിയിട്ടുണ്ട്.
മനുഷ്യാവകാശ സംഘടനകളും ന്യൂനപക്ഷാവകാശ പ്രവർത്തകരും നിരന്തരം ആശങ്കകൾ ഉന്നയിച്ചിട്ടും, മിക്ക കേസുകളിലും നിയമപാലകരും കോടതികളും മന്ദഗതിയിലാണ് പ്രതികരിക്കുന്നതെന്ന് സി.എസ്.ജെ പറഞ്ഞു.

Be the first to comment