എഐ യുഗത്തിൽ കുടുംബമാണ് മനുഷ്യത്വത്തിന്റെ ആദ്യ വിദ്യാലയമെന്ന് ലെയോ പാപ്പ പറഞ്ഞു. അന്താരാഷ്ട്ര കത്തോലിക്കാ നിയമനിർമ്മാതാക്കളുടെ ശൃംഖലയെ അഭിസംബോധന ചെയ്യവെയാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.
മനുഷ്യന്റെ പ്രാഥമിക വിദ്യാലയമായ കുടുംബത്തെ തകർക്കാൻ നിർമ്മിതബുദ്ധിയെ ഒരു കാരണവശാലും അനുവദിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയ പാപ്പ, മനുഷ്യാവകാശങ്ങളും മാനവിക അന്തസ്സും സംരക്ഷിക്കുന്ന നിയമനിർമ്മാണങ്ങൾ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. “നല്ല നിയമനിർമ്മാണം ശാസ്ത്രീയവും സാങ്കേതികവുമായ സർഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം തന്നെ അടിസ്ഥാന മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കുകയും വേണം. ഉപയോക്താക്കളെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കാനും, വ്യക്തിഗത സ്വകാര്യത കാത്തുസൂക്ഷിക്കാനും, പുതിയ സാങ്കേതികവിദ്യകളുടെ ഉപയോഗത്തിൽ സുതാര്യത ഉറപ്പാക്കാനും, അവ ജനാധിപത്യ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നുവെന്ന് ഉറപ്പുവരുത്താനും നിയമങ്ങൾക്ക് കഴിയണം.” ആഗസ്റ്റ് 21 ന് വത്തിക്കാനിൽ വച്ച് അന്താരാഷ്ട്ര കത്തോലിക്കാ നിയമനിർമ്മാതാക്കളുടെ ശൃംഖലയോട് സംസാരിക്കവെ ലെയോ പതിനാലാമൻ മാർപാപ്പ തന്റെ നിലപാട് വ്യക്തമാക്കി.
“വിവാഹത്തെയും കുടുംബങ്ങളെയും ശക്തിപ്പെടുത്തുന്നതും, മക്കളുടെ വിദ്യാഭ്യാസ ദൗത്യത്തിൽ മാതാപിതാക്കളെ പിന്തുണയ്ക്കുന്നതും, യുവാക്കൾക്ക് ആത്മവിശ്വാസത്തോടെ ഭാവിയെ നോക്കിക്കാണാൻ അവസരമൊരുക്കുന്നതുമായ നയങ്ങൾ പ്രോത്സാഹിപ്പിക്കാൻ ഞാൻ നിങ്ങളെ ആഹ്വാനം ചെയ്യുന്നു,” മാർപാപ്പ പറഞ്ഞു.

Be the first to comment