സംസ്ഥാന ആസൂത്രണ ബോർഡിലെ പി.എസ്.സി. നിയമന തട്ടിപ്പിൽ വിജിലൻസ് അന്വേഷണം നടത്താൻ സർക്കാർ ഒരുങ്ങുന്നു. അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്ന ആരോപണങ്ങൾക്കിടെ പി.എസ്.സി.യുടെ നിർണായക യോഗം ഇന്ന് ചേരും. മുൻ യോഗത്തിൽ എടുത്ത തീരുമാനപ്രകാരം ആഭ്യന്തര വിജിലൻസ് എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുന്നതിനുപകരം, ചെയർമാൻ പരീക്ഷാ കൺട്രോളറെ അന്വേഷണ ചുമതല ഏൽപിച്ചതിൽ ഒരു വിഭാഗം അംഗങ്ങൾ കടുത്ത പ്രതിഷേധത്തിലാണ്.
തട്ടിപ്പിന് പിന്നിലുള്ളവരെ സംരക്ഷിക്കാനുള്ള നീക്കമാണിതെന്നാണ് ഇവരുടെ ആരോപണം. ഇതിനെതിരെ ഇന്നത്തെ യോഗത്തിൽ ചെയർമാനോട് ശക്തമായ പ്രതിഷേധം അറിയിക്കാനാണ് അംഗങ്ങളുടെ നീക്കം. കേസിൽ അടിയന്തരമായി സമഗ്ര പൊലീസ് അന്വേഷണം വേണമെന്ന ആവശ്യവും ചില അംഗങ്ങൾ യോഗത്തിൽ ഉന്നയിക്കും.
സംസ്ഥാന ആസൂത്രണ ബോർഡിലെ വിവിധ തസ്തികകളിലേക്കുള്ള കേരള പി.എസ്.സി. പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയെ ചൊല്ലി ഗുരുതര ക്രമക്കേട് ആരോപണങ്ങൾ ഉയർന്നിരുന്നു. ബോർഡിലെ മൂന്ന് പ്രധാന തസ്തികകളിലേക്കുള്ള മൂല്യനിർണയ നടപടികളിലും റാങ്ക് പട്ടിക തയ്യാറാക്കിയ രീതിയിലും വ്യാപകമായ തട്ടിപ്പ് നടന്നതായി ആരോപണമുണ്ട്. പരാതികളുടെ അടിസ്ഥാനത്തിൽ വിഷയം പരിശോധിക്കാൻ പി.എസ്.സി. ജൂൺ 29-ന് ആഭ്യന്തര വിജിലൻസ് വിഭാഗത്തോട് നിർദേശിച്ചിരുന്നു.
ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ, ചീഫ് പെർസ്പെക്റ്റീവ് പ്ലാനിങ്, ചീഫ് പ്ലാനിങ് കോ-ഓർഡിനേഷൻ എന്നീ തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടികളാണ് വിവാദത്തിലായത്. പ്രതിമാസം ഏകദേശം 1.25 ലക്ഷം രൂപ ശമ്പളമുള്ള ഈ തസ്തികകളിലേക്കുള്ള പരീക്ഷയുടെ ഉത്തരക്കടലാസുകൾ വിവരാവകാശ നിയമപ്രകാരം ഒരു ഉദ്യോഗാർഥി നേടിയതോടെയാണ് മൂല്യനിർണയത്തിലെ അപാകതകൾ പുറത്തുവന്നത്.
100 മാർക്കിൽ 58 മാർക്കിനുള്ള പത്ത് വിവരണാത്മക ചോദ്യങ്ങൾ ഒരു ഉദ്യോഗാർഥിയുടെയും ഉത്തരക്കടലാസിൽ മൂല്യനിർണയം നടത്തിയിരുന്നില്ലെന്ന് കണ്ടെത്തി. ഓൺ-സ്ക്രീൻ മൂല്യനിർണയ സംവിധാനത്തിൽ (ഒ.എസ്.എം.) ഈ ചോദ്യങ്ങൾ പരിശോധിക്കാൻ നൽകുന്നതിൽ സംഭവിച്ച വീഴ്ചയാണ് ഇതിന് കാരണമെന്ന് പി.എസ്.സി. ഔദ്യോഗിക വിശദീകരണത്തിൽ അറിയിച്ചു. ഇതുമൂലം ഏതൊരു ഉദ്യോഗാർഥിയുടെയും ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ വിലയിരുത്തപ്പെട്ടിട്ടില്ലെന്നും പി.എസ്.സി. വ്യക്തമാക്കി.

Be the first to comment