പാപ്പായെ വരവേൽക്കുവാൻ അർജന്റീന ഒരുങ്ങുന്നു

ലാറ്റിൻ അമേരിക്കയിലേക്കുള്ള  അപ്പസ്തോലിക പര്യടനത്തിന്റെ ഭാഗമായി നവംബർ 11-ന് ലിയോ പതിനാലാമൻ പാപ്പാ  അർജന്റീനയിലെ പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ ലുഹാനിലെ ബസിലിക്ക സന്ദർശിക്കും. അർജന്റീനയുടെ ആത്മീയ കേന്ദ്രമായ ലുഹാനിൽ  പാപ്പായെ സ്വീകരിക്കാൻ രാജ്യം മുഴുവൻ  തുറന്ന മനസ്സോടെ കാത്തിരിക്കുകയാണെന്ന് മെഴ്സിഡസ്-ലുഹാൻ ആർച്ച്ബിഷപ്പ് ഹോർഹെ എദുവാർദോ ഷെയ്നിഗ് വത്തിക്കാൻ ന്യൂസിനോട് പറഞ്ഞു.

ബ്യൂണസ് അയേഴ്സിൽ നിന്ന് 70 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ലുഹാൻ ബസിലിക്കയിൽ 38 സെന്റീമീറ്റർ മാത്രം ഉയരമുള്ള ചെറിയ ഒരു മാതാവിന്റെ രൂപമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. “എളിമയുടെ വഴി”   എന്ന് ലിയോ പതിനാലാമൻ പാപ്പാ  നിരന്തരം വിശേഷിപ്പിക്കുന്ന ദൈവീക സങ്കൽപ്പത്തിന് ഏറ്റവും മികച്ച ഉദാഹരണമാണ് ഈ ചെറിയ രൂപം. വാക്കുകളേക്കാൾ മൗനത്താൽ അനുഗ്രഹം ചൊരിയുന്ന ഈ അമ്മയുടെ സാന്നിധ്യവും ദൃഷ്ടിയും തീർത്ഥാടകരുടെ ഹൃദയങ്ങളിൽ വലിയ രൂപാന്തരവും ആശ്വാസവും നൽകുന്നുവെന്ന് ആർച്ച്ബിഷപ്പ് എടുത്തുപറഞ്ഞു.

ലിയോ പതിനാലാമൻ പാപ്പായ്ക്ക് അർജന്റീനയോടും, പ്രത്യേകമായി  ലുഹാൻ തീർത്ഥാടന കേന്ദ്രത്തോടും മുൻപും അടുത്ത ബന്ധമുണ്ടായിരുന്നു. അഗസ്റ്റീനിയൻ സഭയുടെ സുപ്പീരിയർ ജനറലായിരിക്കെ അദ്ദേഹം ഇവിടെ സന്ദർശനം നടത്തിയിട്ടുണ്ട്. ലിയോ പതിനാലാമൻ പാപ്പായുടെ വരവ് ഈ സ്നേഹവും സുഹൃദ്ബന്ധവും കൂടുതൽ ശക്തമാക്കുമെന്നും ആർച്ച്ബിഷപ്പ് പ്രത്യാശ പ്രകടിപ്പിച്ചു.

സമീപകാലത്തെ സ്ഥിതിവിവരക്കണക്കുകൾ രാജ്യത്തുടനീളം   കത്തോലിക്കാ വിശ്വാസികളുടെ  എണ്ണത്തിൽ കുറവ് കാണിക്കുന്നുണ്ടെങ്കിലും, ജനങ്ങളുടെ വിശ്വാസത്തിലും, യേശുവിനോടും മാതാവിനോടുമുള്ള ഭക്തിയിലും യാതൊരു കുറവും വന്നിട്ടില്ലെന്ന് ആർച്ച്ബിഷപ്പ് ചൂണ്ടിക്കാട്ടി. ബസിലിക്കയ്ക്ക് മുന്നിലെ ബെൽഗ്രാനോ ചത്വരത്തിൽ പാപ്പയെ സ്വീകരിക്കാനുള്ള വൻ തയ്യാറെടുപ്പുകളാണ് നടക്കുന്നത്. ഒക്ടോബർ 3, 4 തീയതികളിൽ നടന്ന യുവാക്കളുടെ തീർത്ഥാടനത്തിൽ 25 ലക്ഷത്തോളം പേർ പങ്കെടുത്തിരുന്നതിനാൽ, പാപ്പയുടെ സന്ദർശനത്തിനും വൻ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നുവെന്നും ആർച്ചുബിഷപ്പ് പറഞ്ഞു.

1630 ൽ ബ്രസീലിൽ നിന്നു പരിശുദ്ധ കന്യകാമറിയത്തിൻ്റെ രണ്ട് ചെറിയ രൂപങ്ങൾ കൊണ്ടുവന്നതിൽ നിന്നു തുടങ്ങുന്നു ഈ തീർത്ഥാടന കേന്ദ്രത്തിൻ്റെ ഉത്ഭവം.  1930-ൽ  പന്ത്രണ്ടാം പീയൂസ് മാർപാപ്പ ഈ മരിയൽ തീർത്ഥാടന കേന്ദ്രത്തെ ബസിലിക്കാ പദവിയിലേക്ക് ഉയർത്തി. 1982-ൽ മാൽവിനാസ് (ഫോക്ക്‌ലാന്റ്) യുദ്ധകാലത്തും, 1987-ൽ ലോക യുവജന ദിനത്തോടനുബന്ധിച്ചും വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ ലുഹാൻ സന്ദർശിച്ചിരുന്നു. 1982 ഏപ്രിൽ മുതൽ ജൂൺ വരെ നടന്ന ഫോക്ക്‌ലാന്റ് യുദ്ധം 900-ലധികം പേരുടെ ജീവൻ അപഹരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*