പ്രശസ്ത പോപ്പ് സംഗീതജ്ഞ ബ്രിട്ടണി സ്പിയേഴ്‌സ് തൻ്റെ കുടുംബത്തിനെതിരെ വീണ്ടും ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത്. കുടുംബാംഗങ്ങൾ തന്നോട് ക്രൂരമായി പെരുമാറിയെന്നും അടിമയെപ്പോലെയാണ് അവർ തന്നോട് പെരുമാറിയതെന്നും താരം ഇൻസ്റ്റാഗ്രാമിലൂടെ തുറന്നടിച്ചു.
‘അപ്‌ടൗൺ ഗേൾസ്’ എന്ന ചിത്രത്തിലെ ഒരു രംഗം പങ്കുവെച്ചുകൊണ്ടാണ് ബ്രിട്ടണി തന്റെ അമർഷം വ്യക്തമാക്കിയത്. കോവിഡ് കാലത്ത് ലൂസിയാന സന്ദർശിച്ചപ്പോൾ ഐവിയെ ഒരു തവണ പോലും കൈകളിൽ എടുക്കാൻ സഹോദരി ജാമി ലിൻ അനുവദിച്ചില്ലെന്നും, മക്കളെ കൂട്ടിക്കൊണ്ടുവരാൻ ചെന്നപ്പോൾ മുൻ ഭർത്താവ് കെവിൻ ഫെഡർലൈൻ വീട്ടിലെ ബാത്ത്റൂം ഉപയോഗിക്കാൻ പോലും സമ്മതിച്ചില്ലെന്നും ബ്രിട്ടണി ആരോപിച്ചു. അവർക്ക് പിന്നിൽ പ്രവർത്തിച്ച പല രഹസ്യ കാര്യങ്ങളും ഉണ്ടെന്നും തനിക്ക് ഇനി പുതിയൊരു കുടുംബത്തെ കണ്ടെത്തേണ്ടതുണ്ടെന്നും പോപ്പ് താരം കുറിച്ചു.
ഇതിനുപുറമേ, അടുത്തിടെ പുറത്തുപോയപ്പോൾ തനിക്കെതിരെ വലിയൊരു ഗൂഢാലോചന നടന്നതായും താൻ ഭക്ഷണം കഴിച്ച് പുറത്തിറങ്ങുന്ന സമയം ബോധപൂർവ്വം വൈകിപ്പിച്ച്, പുറത്ത് കാത്തുനിന്ന പപ്പരാസി ഫോട്ടോഗ്രാഫർമാർക്ക് മുന്നിലേക്ക് തന്നെ സെക്യൂരിറ്റി ജീവനക്കാർ തുറന്നുകാട്ടുകയായിരുന്നു. സുരക്ഷാ ജീവനക്കാരും കൂടെയുള്ളവരും തനിക്കെതിരെ പ്രവർത്തിക്കുന്നതായി തോന്നുന്നുവെന്ന് പറഞ്ഞ താരം, അമേരിക്കൻ സിസ്റ്റത്തിനെതിരെയും പരിഹാസരൂപേണ പ്രതികരിച്ചു.

Be the first to comment