കോംഗോയിൽ ഇസ്‌ലാമിക തീവ്രവാദികളുടെ ആക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടു

കോംഗോയിൽ ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള തീവ്രവാദികൾ നടത്തിയ ക്രൂരമായ ആക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ കിഴക്കൻ മേഖലയിലുള്ള ഗ്രാമത്തിലാണ് ഭീകരർ അക്രമം അഴിച്ചുവിട്ടത്. എബോള രോഗവ്യാപനം രൂക്ഷമായിരിക്കുന്ന നോർത്ത് കിവു പ്രവിശ്യയിലാണ് സംഭവം. ആക്രമണത്തെ തുടർന്ന് എബോള ബാധിതരും രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്നവരും ആശുപത്രികളിൽ നിന്ന് രക്ഷപെട്ടോടിയത് ആരോഗ്യപ്രവർത്തകരിലും ആശങ്ക പരത്തിയിട്ടുണ്ട്.

ഇതുവരെ 33 മൃതദേഹങ്ങൾ കണ്ടെടുത്തു. ഭൂരിഭാഗം പേരുടെയും ശരീരത്തിൽ വെടിയേറ്റ പാടുകളുണ്ട്. ചിലരെ വെട്ടിക്കൊല്ലുകയും കത്തിച്ചുകളയുകയും ചെയ്തു. കനത്ത മഴ രക്ഷാപ്രവർത്തനങ്ങൾക്കും അന്വേഷണങ്ങൾക്കും തടസ്സമായിരിക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

ഐസിസിന്റെ പിന്തുണയുള്ള ‘അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ്’ (ADF) എന്ന ഭീകരസംഘടനയാണ് ആക്രമണത്തിനു പിന്നിലെന്ന് ബെനി ടെറിട്ടോറിയൽ അഡ്മിനിസ്ട്രേറ്റർ കേണൽ ചാൾസ് ഒമിയോംഗ വ്യക്തമാക്കി. ഭീകരർ ഗ്രാമത്തിലെ നിരവധി വീടുകളും ഒരു ഹെൽത്ത് പോസ്റ്റും തീയിട്ടു നശിപ്പിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*