ലക്നോ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ നിഷാദിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഗോരഖ്പൂരിലെ സ്കൂളിൽ 2018 മുതൽ അധ്യാപികയായി ജോലി ചെയ്തുവന്ന റാണി വിശ്വകർമയാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ശനിയാഴ്ച ശമ്പളം വാങ്ങാനായി സ്കൂളിലേക്ക് പോവുകയാണെന്ന് പറഞ്ഞിറങ്ങിയ റാണി പിന്നീട് തിരിച്ചെത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്.
ദിയോറ ജില്ലയിലെ രുദ്രാപൂർ മേഖലയിൽ റോഡരികിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ആദ്യം യുവതിയെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ലെങ്കിലും മൃതദേഹത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് റാണിയാണെന്ന് സ്ഥിരീകരിച്ചത്.
റാണിയുമായി കഴിഞ്ഞ കുറച്ചുവർഷങ്ങളായി താൻ പ്രണയത്തിലായിരുന്നുവെന്നും എന്നാൽ വിവാഹം കഴിക്കാൻ യുവതി നിരന്തരം സമ്മർദം ചെലുത്തിയിരുന്നുവെന്നും പ്രതി പൊലിസിനോട് പറഞ്ഞു. ശനിയാഴ്ച കാറിൽ ഒപ്പം വരാൻ ആവശ്യപ്പെട്ട പ്രതി യാത്രാമധ്യേ വാഹനം നിർത്തി സംസാരിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിനൊടുവിൽ റാണിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. തുടർന്ന് മൃതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.
അതേസമയം റാണിയുടെ ശമ്പളത്തിന്റെ ഒരു ഭാഗം പ്രിൻസിപ്പൽ തടഞ്ഞുവച്ചിരുന്നുവെന്നും കുടിശിക വാങ്ങാനാണ് യവതി സ്കൂളിലേക്ക് പോയതെന്നും സഹോദരി രാഗിണി ആരോപിച്ചു. ശമ്പളത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നും കുടുംബം ശക്തമായി സംശയിക്കുന്നു.
സംഭവത്തിൽ നിഷാദിനു പുറമെ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് ആരോപിച്ച് റാണിയുടെ കുടുംബവും നാട്ടുകാരും വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രതിയുടെ സ്കൂളും വീടുകളും ഇടിച്ചുനിരത്തണമെന്നും കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നുമാണ് ഇവരുടെ ആവശ്യം. കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പ്രതിക്കെതിരെ പൊലിസ് കേസെടുത്തിട്ടുള്ളത്.

Be the first to comment