ജിം ട്രെയിനറുമായി പ്രണയം, ഒടുവിൽ വിവാഹം; ജീവിതപങ്കാളിയെ പരിചയപ്പെടുത്തി റിമി ടോമി

വിവാഹവാർത്ത പുറത്തുവിട്ടതിന് പിന്നാലെ ആരാധകരുടെ ആകാംക്ഷക്ക് വിരാമമിട്ട്, വരനെ പരിചയപ്പെടുത്തി പിന്നണി ഗായിക റിമി ടോമി. തന്റെ ജിം ട്രെയിനറായ ലിബിൻ മാത്യുവാണ് ജീവിതപങ്കാളിയാകുന്നതെന്ന് യുട്യൂബ് ചാനലിലൂടെ താരം വെളിപ്പെടുത്തി.

ഏറെനാളായുള്ള സൗഹൃദം പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും വഴിമാറിയതിന്റെ സന്തോഷത്തിലാണ് റിമി. കൂടെയുണ്ടാകുമ്പോൾ ധൈര്യം തോന്നുന്ന, ഏറ്റവും അടുത്ത സുഹൃത്തിനെയാണ് ജീവിതപങ്കാളിയായി തെരഞ്ഞെടുത്തതെന്നും താരം പറഞ്ഞു.

നവംബർ 14ന് മുംബൈ ഡോംബിവല്ലിയിലെ മാർത്തോമ പള്ളിയിൽ വെച്ചാണ് വിവാഹം.

‘കല്യാണ ചെറുക്കൻ മുംബൈയിൽ നിന്നാണ്. ബോഡി ബിൽഡറാണ്, എന്റെ ഇപ്പോഴത്തെ ജിം ട്രെയിനറാണ്. മലയാളിയായ ലിബിൻ മാത്യുവാണ് എന്റെ വരന്‍. മുംബൈയിൽ നിന്ന് വരനെ കണ്ടെത്തിയ കഥ പിന്നെ പറയാം.

മാർച്ചിലാണ് ആദ്യമായി കണ്ടത്. ആദ്യം കാണുന്നതിന് മുമ്പ് തന്നെ കല്യാണം എന്നതിലേക്ക് എത്തിയിരുന്നു. ദൈവത്തോട് ഏറെ ആഗ്രഹിച്ച് പ്രാർഥിച്ച് നിന്ന സമയത്താണ് ഇരുവരും ഒരുമിച്ചത്. ഒരുപാട് മുൻവിധിയില്ല. അദ്ദേഹത്തോടൊപ്പം നിൽക്കുമ്പോൾ ഒരു ധൈര്യവും സമാധാനവും പോസിറ്റിവിറ്റിയും ലഭിക്കുന്നുണ്ട്.’ -റിമി ടോമി പറഞ്ഞു.

എല്ലാം ദൈവാനുഗ്രഹമാണ്. അധികം സസ്പെൻസ് വെക്കുന്നില്ല. എന്റെ വ്യക്തിപരമായ കാര്യങ്ങൾ ഞാൻ തന്നെ എന്റെ ആരാധകരോട് പറയണമെന്നാണ് എന്റെ ആഗ്രഹം. അഭ്യൂഹങ്ങൾ ഒഴിവാക്കാനാണ് ഇത് എന്റെ ചാനലിലൂടെ തന്നെ വന്ന് വെളിപ്പെടുത്തുന്നതെന്നും ഗായിക വ്യക്തമാക്കി.

താൻ വീണ്ടും വിവാഹിതയാകാൻ ഒരുങ്ങുകയാണെന്നും തന്റെ ജീവിതത്തിലേക്ക് വളരെ പ്രത്യേകതകളുള്ള ഒരാൾ കടന്നുവന്നിട്ടുണ്ടെന്നും താരം തന്റെ യൂട്യൂബ് ചാനലിലൂടെയാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.

ജീവിതത്തിന്റെ പല ഘട്ടങ്ങളിലും കുടുംബം നൽകിയ പിന്തുണ വലുതാണെങ്കിലും ഒരു പങ്കാളിയുടെ അഭാവം ഉണ്ടാക്കിയ ശൂന്യത വളരെ വലുതായിരുന്നുവെന്ന് റിമി തുറന്നുപറയുന്നു. ആ ശൂന്യത നികത്താൻ എത്തിയ ആളെക്കുറിച്ചുള്ള ചെറിയ സൂചനകളും താരം പങ്കുവെച്ചിട്ടുണ്ട്.

അദ്ദേഹം സിനിമാതാരമോ ഗായകനോ പ്രശസ്തനായ വ്യക്തിയോ കോടീശ്വരനോ അല്ലെന്നും മറിച്ച് തന്നെ നന്നായി മനസ്സിലാക്കുന്ന ഒരു സാധാരണ വ്യക്തിയാണെന്നും റിമി വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ യഥാർത്ഥ പേരും മുഖവും ഉടൻ തന്നെ ആരാധകരുമായി പങ്കുവെക്കുമെന്നും താരം അറിയിച്ചു.

വിവാഹത്തെക്കുറിച്ചും പുതിയ ജീവിതത്തെക്കുറിച്ചും സംസാരിക്കുമ്പോൾ റിമി ടോമി വളരെ സന്തോഷവതിയാണ്. പരസ്പരം മനസ്സിലാക്കാനും ഇരുവർക്കും ഒന്നിച്ച് മുന്നോട്ട് പോകാൻ കഴിയുമെന്ന് ഉറപ്പുവരുത്താനും ഏറെ സമയം എടുത്തു എന്ന് റിമി പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*