വിശുദ്ധി എന്നത് ദൈവാനുഗ്രഹത്താൽ തിരഞ്ഞെടുക്കപ്പെട്ട ഏതാനും ചിലർക്കു മാത്രം അവകാശപ്പെട്ട പ്രത്യേക ആനുകൂല്യമല്ലെന്ന് ഓർമ്മിപ്പിച്ച് ലെയോ പതിനാലാമൻ പാപ്പ. സകല വിശുദ്ധരുടെയും തിരുനാൾ (All Saints’ Day) ആഘോഷത്തോടനുബന്ധിച്ച് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് പാപ്പ ഇക്കാര്യം ഓർമ്മിപ്പിച്ചത്.
“വിശുദ്ധി എന്നത് ചുരുക്കം ചിലർക്കു മാത്രം അവകാശപ്പെട്ട പ്രത്യേക ആനുകൂല്യമല്ല, മറിച്ച് നാം ജീവിക്കുന്നിടത്തെല്ലാം നമ്മോട് സംവദിക്കുന്ന ഒരു സാർവത്രിക വിളിയാണ്. നാം ജീവിക്കുന്ന സാമൂഹിക ചുറ്റുപാടുകളിലും സംസ്കാരങ്ങളിലും വ്യത്യസ്ത തൊഴിൽ മേഖലകളിലും നിന്നുകൊണ്ട് വിശുദ്ധി കൈവരിക്കാൻ ഓരോരുത്തർക്കും സാധിക്കും. മനുഷ്യർ കാണാത്ത നന്മകളെ ദൈവം കാണുന്നുണ്ട്,” പാപ്പ പറഞ്ഞു.
നമുക്കു ചുറ്റുമുള്ള സാധാരണക്കാരായ മനുഷ്യരിലൂടെ ദൈവരാജ്യം ലോകത്തിൽ ഉണ്ടാകുന്നു എന്നതിന്റെ തെളിവാണ് വിശുദ്ധരുടെ ജീവിതമെന്ന് ചൂണ്ടിക്കാട്ടിയ പാപ്പ, അനുദിന ജീവിതത്തിലെ കൊച്ചുകൊച്ചു കാര്യങ്ങളിലും ലോകത്തിലെ വലിയ സംഭവവികാസങ്ങളിലും സമാധാനം സൃഷ്ടിക്കാൻ സാധ്യമായതെല്ലാം ചെയ്യണമെന്നും ആഹ്വാനം ചെയ്തു.

Be the first to comment