കൊച്ചി: മന്ത്രി റോജി എം. ജോണിന് എതിരായുള്ള പ്രതിഷേധത്തെ മഹാരാജാസ് കോളജിലെ രണ്ടു വിദ്യാർഥികൾക്ക് സസ്പെൻഷൻ. കോളജ് യൂണിയൻ ചെയർമാൻ പ്രണീൽ രാജ്, വൈസ് ചെയർപേഴ്സൺ നഫീസത്തുൽ മിസ്രിയ എന്നിവരെയാണ് 10 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തത്.
പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് നടപടി. കഴിഞ്ഞ വെള്ളിയാഴ്ച കോളജിൽ നടന്ന ബിരുദദാന ചടങ്ങിനിടെയായിരുന്നു മന്ത്രിക്കെതിരെ പ്രതിഷേധം നടന്നത്.
മന്ത്രി വേദിയിൽ സംസാരിക്കുന്നതിനിടെ നഫീസത്തുൽ മിസ്രിയ ആദ്യം വേദിയിലെത്തി ചോദ്യം ഉന്നയിക്കുകയും പിന്നാലെ ബാനറുമായി മറ്റ് പ്രവർത്തകർ വേദിയിലേക്ക് കയറുകയും ചെയ്തു. ഇതോടെ ചടങ്ങ് അലങ്കോലപ്പെട്ടു.
സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്യു നേതാക്കൾ കോളജ് അധികൃതർക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കോളജ് നടപടി സ്വീകരിച്ചത്.
സസ്പെൻഷൻ നടപടി പ്രഖ്യാപിച്ചതിന് പിന്നാലെ മഹാരാജാസ് കോളജിൽ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധം ആരംഭിച്ചു. പൊലിസ് ലാത്തിയുൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളുമായി സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

Be the first to comment