എപ്സ്റ്റീൻ വിവാദം: വാൾ സ്ട്രീറ്റ് ജേണലിനെതിരായ ട്രംപിന്റെ കേസ് യുഎസ് കോടതി തള്ളി

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വാർത്തയുടെ പേരിൽ പ്രമുഖ അന്താരാഷ്ട്ര ബിസിനസ് ദിനപത്രമായ ‘ദി വാൾ സ്ട്രീറ്റ് ജേണലി’നും മാധ്യമ രാജാവ് റൂപർട്ട് മർഡോക്കിനുമെതിരെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫയൽ ചെയ്ത 1000 കോടി ഡോളറിന്റെ (10 ബില്യൺ ഡോളർ) മാനനഷ്ടക്കേസ് യു.എസ് ഫെഡറൽ കോടതി തള്ളി. ഹരജിക്കാരനായ ട്രംപ് വെറും ‘വൈക്കോൽത്തുരുമ്പിൽ പിടിച്ച് തൂങ്ങാൻ ശ്രമിക്കുകയാണെന്ന്’ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് മയാമി ഡിസ്ട്രിക്റ്റ് ജഡ്ജി ഡാരിൻ ഗെയ്ൽസ് കേസ് ശാശ്വതമായി റദ്ദാക്കിയത്.

മാധ്യമസ്ഥാപനം ദുരുദ്ദേശ്യത്തോടെയും ബോധപൂർവവും അപകീർത്തികരമായ വാർത്ത നൽകിയെന്ന് തെളിയിക്കാൻ ട്രംപിന്റെ അഭിഭാഷകർക്ക് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജേണലിന്റെ വിശദമായ അന്വേഷണാത്മക പത്രപ്രവർത്തനത്തിൽ മനഃപൂർവം തെറ്റുകൾ ചമച്ചുണ്ടാക്കാനാണ് ഹരജിയിലൂടെ ട്രംപ് ശ്രമിച്ചതെന്നും ജഡ്ജി നിരീക്ഷിച്ചു. ഇതോടെ ഈ വിഷയത്തിൽ ട്രംപിന് ഇനി പുതുതായി ഹരജി നൽകാനാവില്ല.

താൻ കത്തെഴുതിയിട്ടില്ലെന്ന് നിഷേധിച്ച സ്ഥിതിക്ക് വാൾ സ്ട്രീറ്റ് ജേണൽ ആ വാർത്ത പ്രസിദ്ധീകരിക്കാൻ പാടില്ലായിരുന്നുവെന്ന ട്രംപിന്റെ വിചിത്ര വാദത്തെ കോടതി തള്ളി. ‘ഒരു പൊതുപ്രവർത്തകനോ അദ്ദേഹത്തിന്റെ സംഘമോ ഒരു ആരോപണം നിഷേധിച്ചാൽ ഉടൻ തന്നെ അവർക്കെതിരായ വിരുദ്ധ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമപ്രവർത്തകരെ തടയണം എന്നതാണോ നിയമം? അങ്ങനെയാണെങ്കിൽ അത് യു.എസ് ഭരണഘടനയുടെ ഒന്നാം ഭേദഗതി ഉറപ്പുനൽകുന്ന മാധ്യമസ്വാതന്ത്ര്യത്തിന്റെ കടുത്ത ലംഘനമാകും,’ ജഡ്ജി ഡാരിൻ ഗെയ്ൽസ് ഉത്തരവിൽ വ്യക്തമാക്കി. നേരത്തെ ഏപ്രിലിൽ ട്രംപ് സമർപ്പിച്ച 2000 കോടി ഡോളറിന്റെ (20 ബില്യൺ ഡോളർ) യഥാർത്ഥ ഹരജിയും കോടതി തള്ളിയിരുന്നു. പൊതുപ്രവർത്തകർക്കെതിരെയുള്ള മാനനഷ്ടക്കേസുകളിൽ ആവശ്യമായ നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാൻ ട്രംപിന്റെ പരാതിക്ക് സാധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അത്. വിധിയെ വാൾ സ്ട്രീറ്റ് ജേണലിന്റെ മാതൃകമ്പനിയായ ഡൗ ജോൺസ് സ്വാഗതം ചെയ്തു. എന്നാൽ വിധിക്കെതിരെ അപ്പീൽ നൽകുമെന്നും ജേണലിനും മറ്റ് എതിർകക്ഷികൾക്കുമെതിരെ ശക്തമായ നിയമപോരാട്ടം തുടരുമെന്നും ട്രംപിന്റെ വക്താവ് വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*