ഇന്നത്തെ അമേരിക്കൻ ഐക്യനാടുകളിലെ ജോർജിയ സംസ്ഥാന തീരത്ത് തദ്ദേശീയരായ ഗ്വാലെ (Guale) ജനവിഭാഗത്തിനിടയിൽ ശുശ്രൂഷ ചെയ്യവെ കൊല്ലപ്പെട്ട അഞ്ച് ഫ്രാൻസിസ്കൻ മിഷനറിമാരെ വാഴ്ത്തപ്പെട്ടവരായി ഉയർത്തി. 1597 ൽ കൊല്ലപ്പെട്ട ഈ അഞ്ച് മിഷനറിമാരെയും ഒക്ടോബർ 31 ശനിയാഴ്ച സവാനയിൽ നടന്ന ചടങ്ങിലാണ് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്.
പെഡ്രോ ഡി കോർപ്പ, ബ്ലാസ് റോഡ്രിഗസ്, മിഗുവൽ ഡി അന്യോൻ, അന്തോണിയോ ഡി ബദഹോസ്, ഫ്രാൻസിസ്കോ ഡി വെരാസ്കോള എന്നീ ഫ്രാൻസിസ്കൻ വൈദികരെയാണ് ജോർജിയ രക്തസാക്ഷികൾ എന്ന് വിശേഷിപ്പിക്കുന്നത്. പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ സുവിശേഷം പ്രസംഗിക്കുന്നതിനും ഗ്വാലെ സമൂഹങ്ങളെ ശുശ്രൂഷിക്കുന്നതിനുമായി സ്പെയിനിൽ നിന്ന് ഈ മേഖലയിലേക്ക് യാത്ര തിരിച്ച മിഷനറിമാരായിരുന്നു ഇവർ. വിവാഹത്തെക്കുറിച്ചുള്ള ക്രിസ്തീയപഠനങ്ങൾക്കു വിരുദ്ധമായി, ഗ്വാലെ നേതാവായ ഹുവാനില്ലൊ (Juanillo) യുടെ, രണ്ടാമതൊരു ഭാര്യയെ സ്വീകരിക്കാനുള്ള തീരുമാനത്തെ പെഡ്രോ ഡി കോർപ്പ എതിർത്തതിനെത്തുടർന്ന് 1597 ൽ ഉണ്ടായ പ്രക്ഷോഭത്തിലാണ് ഇവർ കൊല്ലപ്പെടുന്നത്. ഈ പ്രക്ഷോഭത്തിലാണ് അദ്ദേഹത്തിന്റെ നാല് സഹപ്രവർത്തകരും കൊല്ലപ്പെട്ടത്.
2025 ജനുവരിയിൽ ഈ വൈദികരുടെ രക്തസാക്ഷിത്വത്തെ അംഗീകരിച്ച ഫ്രാൻസിസ് മാർപാപ്പ ഇതു സംബന്ധിച്ച ഡിക്രി (ഔദ്യോഗിക ഉത്തരവ്) പുറപ്പെടുവിക്കാൻ അനുമതി നൽകി. ഇതോടെ സഭ ഈ അഞ്ച് സന്ന്യാസികളെയും ഔദ്യോഗികമായി രക്തസാക്ഷികളായി അംഗീകരിക്കുകയും, അത് ഇവരുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന് വഴിയൊരുക്കുകയും ചെയ്തു.

Be the first to comment