കീവ്: വ്യോമപ്രതിരോധ മിസൈലുകളുടെ അഭാവം നേരിടുന്ന യുക്രെയ്നിലേക്ക് വീണ്ടും ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ച് റഷ്യ. ചൊവ്വാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ 17 പേരാണു കൊല്ലപ്പെട്ടത്.
യുക്രെയ്ൻ തലസ്ഥാനമായ കീവും പരിസരപ്രദേശങ്ങളും ആക്രമിക്കപ്പെട്ടു. ചില്ലറവ്യാപാര സ്ഥാപനങ്ങളുടെ ഗോഡൗണുകളും റെയിൽവേ സ്റ്റേഷനും നശിച്ചു. കീവിൽ ഒട്ടേറെ സ്ഫോടനങ്ങളും തീപിടിത്തവുമുണ്ടായി.
വ്യോപ്രതിരോധ സംവിധാനങ്ങളുടെ അഭാവമാണ് ഇത്രയും പേർ മരിക്കാൻ കാരണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞു. മിത്രരാജ്യങ്ങൾ വ്യോമപ്രതിരോധ മിസൈലുകൾ നല്കി സഹായിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
115 ഡ്രോണുകൾ, 24 ബാലിസ്റ്റിക് മിസൈലുകൾ, നാല് സിർകോൺ ക്രൂസ് മിസൈലുകൾ എന്നിവയാണ് റഷ്യ തൊടുത്തത്. ഡ്രോണുകളിൽ തൊണ്ണൂറു ശതമാനവും നിർവീര്യമാക്കാൻ കഴിഞ്ഞതായി യുക്രെയ്ൻ അവകാശപ്പെട്ടു. എന്നാൽ, മിസൈലുകളിൽ ഒന്നുപോലും വെടിവച്ചിടാൻ കഴിഞ്ഞില്ല.
ശബ്ദാതിവേഗത്തിൽ സഞ്ചരിക്കുന്ന ബാലിസ്റ്റിക് മിസൈലുകളെ വീഴ്ത്താൻ അമേരിക്കൻ നിർമിത പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനത്തെയാണ് യുക്രെയ്ൻ ആശ്രയിക്കുന്നത്. പേട്രിയറ്റിൽ ഉപയോഗിക്കുന്ന ഇന്റർസെപ്റ്റർ മിസൈലുകളുടെ കടുത്ത അഭാവം യുക്രെയ്ൻ നേരിടുന്നു.
ഡ്രോൺ നിർമാണ ഘടകങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണുകളിലാണ് ആക്രമണം നടത്തിയതെന്ന് റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ റഷ്യയിലെ ഓൺലൈൻ വ്യാപാര സ്ഥാപനമായ വൈൽഡ്ബെറീസിന്റെ ഗോഡൗണുകളിൽ യുക്രെയ്ൻ സേന നിരന്തരം ഡ്രോൺ ആക്രമണം നടത്തിയിരുന്നു.

Be the first to comment