ആലപ്പുഴ: അമ്പലപ്പുഴ കച്ചേരി മുക്കിന് കിഴക്ക് ഭാഗത്തായി പ്രവർത്തിക്കുന്ന ബ്യൂട്ടി ആർട്സ് എന്ന സ്ഥാപനത്തിൽ എസി പൊട്ടിത്തെറിച്ച് തിപിടിത്തം. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. ആർക്കും പരിക്കേറ്റിട്ടില്ല.
കഞ്ഞിപ്പാടം മുപ്പത്തിയഞ്ചിൽ ആശയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. ഇന്ന് രാവിലെ പത്തരയോടെ ആശ സ്ഥാപനം തുറന്ന് എസി ഓണാക്കിയപ്പോൾ പൊട്ടിത്തെറിച്ച് തീ പടരുകയായിരുന്നു. ഉടൻ തന്നെ ആശ പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു.
തീപിടുത്തത്തിൽ ബ്യൂട്ടി പാർലറും തൊട്ടടുത്ത കടമുറിയിലെ സാധനങ്ങളും പൂർണമായി കത്തിയമർന്നു. തൊട്ടടുത്ത മറ്റൊരു ഗോഡൗണിലേക്കും തീ പടർന്നിരുന്നു. തകഴിയിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അര മണിക്കൂറിലധികം പണിപ്പെട്ടാണ് തീ അണച്ചത്.
കെട്ടിടത്തിന്റെ മുകൾ ഭാഗത്തായിരുന്നു തീപിടിത്തമുണ്ടായത്. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കഴിഞ്ഞ നാല് വർഷമായി ഇവിടെ ബ്യൂട്ടി പാർലർ പ്രവർത്തിച്ചു വരുകയായിരുന്നു.

Be the first to comment