ധനുഷ്, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ഓം എന്ന ചിത്രത്തിൻ്റെ കേരള വിതരണാവകാശം സ്വന്തമാക്കി ബിനു ജോർജ് അലക്സാണ്ടറിൻ്റെ ഉടമസ്ഥതയിലുള്ള ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ്. ചിത്രം നവംബർ 20 ന് ആഗോള റിലീസായി എത്തും. ധനുഷിന്റെ വണ്ടർ ബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസുമായി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്. സായ് പല്ലവിയാണ് ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്.
ശ്രീലീല, മലയാള താരം ഇന്ദ്രൻസ് എന്നിവരും ചിത്രത്തിൽ നിർണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. സായ് അഭ്യങ്കർ ഈണം നൽകിയ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം സൂപ്പർ ഹിറ്റുകളാണ്. ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗ്ലിംപ്സ് വീഡിയോ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കാർത്തികേയ എന്നാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിൻ്റെ പേര്. മമ്മൂട്ടി ഗ്യാങ്സ്റ്റർ വേഷത്തിലെത്തുന്ന ചിത്രത്തിൽ പോലീസ് ഓഫീസർ ആയാണ് സായ് പല്ലവി വേഷമിടുന്നത് എന്നും ആ കഥാപാത്രത്തെ വെളിപ്പെടുത്തുന്ന ടീസറിലൂടെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു.
കേരളത്തിൽ വലിയ റിലീസായി പ്രദർശനത്തിനൊരുങ്ങുന്ന”ഓം” ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് തീയേറ്ററുകളിൽ എത്തിക്കുന്നത്. 8 വർഷത്തിന് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത് എന്നത് കൊണ്ടുതന്നെ, മലയാളി പ്രേക്ഷകരും ഏറെ ആവേശത്തിലാണ്. മാസ് ലുക്കിലാണ് ചിത്രത്തിൽ മമ്മൂട്ടിയെ അവതരിപ്പിക്കുന്നത്. ഏറെ ശക്തമായ, ആഴമുള്ള ഒരു കഥാപാത്രമാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്ന സൂചനയാണ് ഗ്ലിമ്പ്സ് വീഡിയോ നൽകുന്നത്. ഓം ചാപ്റ്റർ വൺ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ ‘ഉധിരം: ദ ബ്ലഡ് വുഡ്” എന്നാണ്.

Be the first to comment