‘സമരത്തിനെത്തുന്നവർ അൽപ്പം സാധനങ്ങൾ വാങ്ങണം’: രാഹുൽ ഗാന്ധി

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രഖ്യാപിച്ച മഹാറാലിക്കെത്തുന്നവർ പ്രാദേശിക വ്യാപാരികളെയും ചേർത്തുപിടിക്കണമെന്ന ആഹ്വാനവുമായി രാഹുൽ ഗാന്ധി. റാലി വ്യാപാരികളെ ദോഷകരമായി ബാധിക്കില്ലെന്ന് പറഞ്ഞ ലോക്‌സഭാ പ്രതിപക്ഷ നേതാവ്, സമരവും വ്യാപാരവും ഒരുമിച്ച് നടത്താമെന്നും സമരത്തിനെത്തുന്നവർ പ്രാദേശിക വ്യാപാരികളിൽ നിന്ന് കുറച്ച് സാധനങ്ങൾ വാങ്ങുക കൂടി ചെയ്യണമെന്നും അഭ്യർഥിച്ചു. അത് അവരെ സഹായിക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

ഉത്സവ സീസണിൽ ഡൽഹിയിലെ രാംലീല മൈതാനത്ത് പ്രതിപക്ഷം നടത്തുന്ന റാലി തങ്ങളുടെ കച്ചവടത്തെ ബാധിക്കുമെന്ന് വ്യാപാരികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. റാലി വ്യാപാരത്തെ ബാധിക്കുമെന്ന് ബി.ജെ.പിയും പ്രചാരണം നടത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പ്രതിഷേധത്തിനും റാലിക്കും എത്തുന്ന ലക്ഷക്കണക്കിന് ആളുകൾ നഗരത്തിലെ വിപണികളിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ രാഹുൽ ഗാന്ധി നിർദ്ദേശിച്ചിരിക്കുന്നത്.

“ഇന്ന് പ്രതിഷേധിക്കുന്നതിനും മാർച്ച് നടത്തുന്നതിനും റാലിക്കൊപ്പം അല്പം സാധനങ്ങൾ വാങ്ങുക കൂടി ചെയ്യുക. അത് നമ്മുടെ പ്രാദേശിക വ്യാപാരികളെ സഹായിക്കും,” എക്‌സിൽ പങ്കുവെച്ച വീഡിയോയിൽ അദ്ദേഹം പറഞ്ഞു. “ഞങ്ങളുടെ റാലി വ്യാപാരികളെ ദോഷകരമായി ബാധിക്കില്ലെന്ന് എനിക്കറിയാം. ഭയം മൂലമാണ് ബി.ജെ.പി ഇത്തരം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത്. എന്നാൽ നമുക്ക് രണ്ടും ഒരുമിച്ച് ചെയ്യാം,” അദ്ദേഹം കൂട്ടിച്ചേർത്തു.

യാത്ര ചെയ്യുന്ന കാറിലിരുന്ന് ചിത്രീകരിച്ച ഒരു ഹ്രസ്വ വീഡിയോയിലൂടെയാണ് അദ്ദേഹം ഈ പ്രതികരണം നടത്തിയത്. ദീപാവലിക്ക് ശേഷമുള്ള മറ്റൊരു ദിവസത്തേക്ക് ഈ റാലി മാറ്റിവെക്കാൻ ഒരു വിഭാഗം വ്യാപാരികൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ ആരോപിച്ചും ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടും ഇന്ത്യ സഖ്യം നടത്തുന്ന ‘ചലോ ദില്ലി’ മാർച്ച് ഉച്ചയ്ക്ക് മിന്റോ റോഡ്-കനോട്ട് പ്ലേസ് ജംഗ്ഷനിൽ നിന്ന് ആരംഭിക്കും. ഈ മാർച്ച് രാംലീല മൈതാനത്ത് സമാപിക്കും. ഇന്നലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ വെച്ച് പ്രതിപക്ഷം സി.ഇ.സി ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ഇംപീച്ച്‌മെന്റ് സംഘടിപ്പിച്ചിരുന്നു.

റാലിയിൽ “ഏകദേശം പത്ത് ലക്ഷത്തോളം ആളുകൾ” പങ്കെക്കുമെന്ന് ഇന്ത്യ സഖ്യം പ്രതീക്ഷിക്കുന്നു. എന്നാൽ രാംലീല മൈതാനത്തിന്റെ ശേഷിയായ 50,000 പേർക്കുള്ള ക്രമീകരണങ്ങളാണ് പോലീസ് പ്ലാൻ ചെയ്തിരിക്കുന്നത്. ആളുകൾ കവിഞ്ഞൊഴുകുകയാണെങ്കിൽ ചുറ്റുമുള്ള തെരുവുകളിൽ തടയുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി സെൻട്രൽ ഡൽഹിയിൽ 10,000-ത്തോളം പോലീസിനെയും അർദ്ധസൈനിക വിഭാഗങ്ങളെയുമാണ് വിന്യസിച്ചിരിക്കുന്നത്.

സെൻട്രൽ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ നിയന്ത്രണങ്ങൾ പ്രാബല്യത്തിലുണ്ടാകും. നേതാജി സുഭാഷ് മാർഗ് ടി-പോയിന്റ്, രാജ്ഘട്ട്, ഡൽഹി ഗേറ്റ്, ഐ.ടി.ഒ എ-പോയിന്റ് എന്നിവയുൾപ്പെടെ 10 സ്ഥലങ്ങളിൽ ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*