എത്യോപ്യയിൽ ആഭ്യന്തര സംഘർഷത്തെ തുടർന്ന് അരലക്ഷംപേര്‍ പലായനം ചെയ്തതായി ഐക്യരാഷ്ട്ര സഭ

തെക്കൻ എത്യോപ്യയിലുണ്ടായ കടുത്ത വംശീയസംഘർഷത്തെ തുടർന്ന് അരലക്ഷത്തോളം ആളുകൾ അയൽരാജ്യമായ കെനിയയിലേക്ക് പലായനം ചെയ്തതായി ഐക്യരാഷ്ട്ര സഭ അറിയിച്ചു. സൊമാലിയ, ഒറോമിയ മേഖലകളിലെ പ്രാദേശികസേനകൾ തമ്മിൽ കഴിഞ്ഞ ആഴ്ച ആരംഭിച്ച ഏറ്റുമുട്ടലാണ് ജനങ്ങളെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കുന്നതിന് കാരണമായത്. ഒക്ടോബർ 20-ാം തീയതി മൊയാലെ നഗരത്തിൽ പ്രാദേശിക പതാക ഉയർത്തിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് പിന്നീട് കടുത്ത അക്രമങ്ങളിലേക്ക് വഴിമാറിയത്.

അതിർത്തി കടന്നെത്തിയവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് ഐക്യരാഷ്ട്ര സഭയുടെ അഭയാർഥി വിഭാഗം വ്യക്തമാക്കി. ബന്ധുവീടുകളിലും സ്കൂളുകളിലും പള്ളികളിലുമായാണ് പലായനം ചെയ്ത ആളുകൾ നിലവിൽ താൽക്കാലിക അഭയം കണ്ടെത്തിയിരിക്കുന്നത്. ദുരിതബാധിതർക്ക് അടിയന്തര സഹായങ്ങളും ഭക്ഷണവും എത്തിക്കാൻ റെഡ് ക്രോസ് ഉൾപ്പെടെയുള്ള സംഘടനകളുമായി ചേർന്ന് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

വിവിധ പ്രദേശങ്ങൾ തമ്മിലുള്ള അതിർത്തി തർക്കങ്ങൾ കാരണം എത്യോപ്യയിൽ നിലവിൽ നിരവധി സംഘർഷങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. നിലവിലെ അസ്വസ്ഥതകൾ കാരണം വരുംദിവസങ്ങളിലും കൂടുതൽ ആളുകൾ അതിർത്തി കടക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. കടുത്ത സുരക്ഷാഭീഷണിയും ഭക്ഷണക്ഷാമവും നേരിടുന്ന ജനങ്ങളെ സഹായിക്കാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ആവശ്യമാണെന്നും ഐക്യരാഷ്ട്രസഭ കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*