നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഹൈക്കോടതി റദ്ദാക്കി

പ്രമുഖ ചലച്ചിത്ര താരം നിവിൻ പോളി, സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവർക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് കേരള ഹൈക്കോടതി റദ്ദാക്കി. 1.9 കോടി രൂപയുടെ തട്ടിപ്പ് ആരോപിച്ചു നിർമ്മാതാവ് പി.എസ്. ഷംനാസ് നൽകിയ പരാതിയിൽ തലയോലപ്പറമ്പ് പോലീസ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസാണ് റദ്ദാക്കിയത്. ഇതിനൊപ്പം, നിവിൻ പോളിയുടെ ഒപ്പ് വ്യാജമായി നിർമ്മിച്ചുവെന്നാരോപിച്ച് ഷംനാസിനെതിരെ പാലാരിവട്ടം പോലീസ് എടുത്ത കേസിലെ തുടർനടപടികളും കോടതി പൂർണ്ണമായി റദ്ദാക്കി.

ഇരുവിഭാഗവും തമ്മിലുള്ള തർക്കങ്ങൾ സൗഹാർദ്ദപരമായി ഒത്തുതീർപ്പിലെത്തിയതിനാലും തുടർന്നുള്ള വിചാരണ നടപടികൾ കോടതി സമയം പാഴാക്കുമെന്നതിനാലും കേസ് റദ്ദാക്കുകയാണെന്ന് ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ വ്യക്തമാക്കി. ‘മഹാവീര്യർ’ എന്ന ചിത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക നഷ്ടവും ‘ആക്ഷൻ ഹീറോ ബിജു 2’ എന്ന ചിത്രത്തിന്റെ വിദേശ വിതരണാവകാശത്തെച്ചൊല്ലിയുള്ള തർക്കങ്ങളുമാണ് കേസിലേക്ക് നയിച്ചിരുന്നത്. ഇരുപക്ഷവും ഒത്തുതീർപ്പിലെത്തിയ വിവരം പബ്ലിക് പ്രോസിക്യൂട്ടറും സ്ഥിരീകരിച്ചതോടെയാണ് ഇരുവിഭാഗത്തിനുമെതിരെയുള്ള നടപടികൾ കോടതി അവസാനിപ്പിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*