സംസ്ഥാനം വീണ്ടും ഇരുട്ടിലേക്ക് പോകുമോ എന്ന വലിയ ആശങ്കയിലാണ് ജനങ്ങൾ. നവംബറിൽ വീണ്ടും ലോഡ്‌ഷെഡിങ് ഏർപ്പെടുത്തേണ്ടി വരുമെന്ന ആശങ്ക നിലവിൽ ശക്തമാണ്. ഹിമാചലിൽ നിന്ന് അടിയന്തരമായി വൈദ്യുതി വാങ്ങാൻ ഉദ്ദേശിച്ചിരുന്നെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. ഇതിനായി സംസ്ഥാന സർക്കാർ അനുമതി തേടിയിരിക്കുകയാണ് കെഎസ്ഇബി.
മഴലഭ്യതയിലുണ്ടായ കുറവുമൂലം സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതും, വേനലിന് മുൻപേ തന്നെ വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നതുമാണ് നിലവിലെ ഈ കടുത്ത പ്രതിസന്ധിക്ക് പ്രധാന കാരണം.
പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും നേരിട്ട് ചർച്ച നടത്തിയെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. ഹിമാചൽ പ്രദേശ് നിലവിൽ ആവശ്യപ്പെടുന്നത് യൂണിറ്റിന് 14.5 രൂപയാണ്. എന്നാൽ കൂടിയ വിലപേശലിലൂടെ ഈ വില 12.50 രൂപയിലേക്ക് കുറയ്ക്കാമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി ഇപ്പോൾ നീങ്ങുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കെഎസ്ഇബിക്ക് ഇത്രയും ഉയർന്ന തുക നൽകി പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് വലിയ ബാധ്യതയാണ് സൃഷ്ടിക്കുക.
കമീഷൻ അനുമതി വൈകുന്നു; കരാറുകാരില്ലഇത്രയും വലിയൊരു സാമ്പത്തിക ഇടപാട് നടത്തുന്നതിന് ഇതുവരെ സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷന്റെ അനുമതിക്ക് കെഎസ്ഇബി അപേക്ഷിച്ചിട്ടില്ല. സർക്കാർ അനുമതിക്ക് ശേഷം മാത്രം കമീഷനെ സമീപിച്ച് അപേക്ഷിക്കാനാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്. പുറത്തുനിന്നും വൈദ്യുതി വാങ്ങുന്നതിനുള്ള ഇത്തരം നടപടിക്രമങ്ങൾ അനന്തമായി വൈകുന്നത് പ്രതിസന്ധിയുടെ ആഴം വീണ്ടും വർധിപ്പിക്കുന്നുണ്ട്. മുൻകൂട്ടി ടെൻഡറുകൾ വിളിച്ചിട്ടും പീക്ക് അവറിൽ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭ്യമാക്കാൻ കരാറുകാരില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
വരുന്ന അടുത്ത മാസം സംസ്ഥാനത്തെ പീക്ക് അവർ കമ്മി 738 മെഗാവാട്ട് വരെയാകുമെന്നാണ് ബോർഡിന്റെ കണക്കുകൂട്ടൽ. ഇതിന് പരിഹാരമായി ഹിമാചൽ പ്രദേശ് വാഗ്ദാനം ചെയ്യുന്നത് 864 മെഗാവാട്ട് മുതൽ 1280 മെഗാവാട്ട് വരെയാണ്. വരും വർഷം മേയ് വരെ സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി നൽകാമെന്നും ഹിമാചൽ പ്രദേശ് പറയുന്നു.

Be the first to comment