ഗ്യാനേഷ് കുമാറിനെതിരെ ജനകീയ ഇംപീച്ച്‌മെന്റ്: പൊലീസ് അനുമതി നിഷേധിച്ചു; വേദി ഖാർഗെയുടെ വസതിയിലേക്ക്

വോട്ടർപട്ടികയിലെ തീവ്ര പുനഃപരിശോധനയിലെ (എസ്.ഐ.ആർ) ക്രമക്കേടുകളിലും ‘വോട്ട് കവർച്ച’ ആരോപണങ്ങളിലും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ ‘ഇൻഡ്യ’ മുന്നണി സംഘടിപ്പിക്കുന്ന ‘ജനകീയ ഇംപീച്ച്‌മെന്റ്’ വെള്ളിയാഴ്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഔദ്യോഗിക വസതിയിൽ നടക്കും. രണ്ട് പൊതുവേദികൾക്ക് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് വേദി ഖാർഗെയുടെ വസതിയിലേക്ക് മാറ്റിയത്. മുൻ ലോക്‌സഭാ സ്പീക്കർ മീരാ കുമാർ നടപടിക്രമങ്ങളിൽ അധ്യക്ഷത വഹിക്കും.

രാജ്യസഭാ പ്രതിപക്ഷ നേതാവ് കൂടിയായ മല്ലികാർജുൻ ഖാർഗെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കും. തുടർന്ന് നടക്കുന്ന വിശദമായ ചർച്ചകൾ ഉപസംഹരിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിക്കും. വിവിധ പ്രതിപക്ഷ പാർട്ടി നേതാക്കളും പൗരാവകാശ പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കും. എസ്.ഐ.ആർ വഴി വോട്ട് നഷ്ടപ്പെട്ടവരും ബാധിക്കപ്പെട്ടവരുമായ സാധാരണക്കാർ തങ്ങളുടെ അനുഭവങ്ങൾ സഭയ്ക്ക് മുന്നിൽ തുറന്നുപറയും.

വ്യാഴാഴ്ച ഖാർഗെയുടെ വസതിയിൽ ചേർന്ന ‘ഇൻഡ്യ’ മുന്നണി നേതാക്കളുടെ ഉന്നതതല യോഗത്തിലാണ് വെള്ളിയാഴ്ചത്തെ പരിപാടിയുടെ രൂപരേഖ അന്തിമമാക്കിയത്. ഹോട്ടൽ അശോകിലായിരുന്നു പരിപാടി ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ പൊലീസ് അനുമതി നിഷേധിച്ചതിനെ തുടർന്ന് രാംലീലാ മൈതാനത്തേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും അതും തടയപ്പെട്ടു. ഇതോടെയാണ് ഖാർഗെയുടെ വസതി തന്നെ വേദിയാക്കാൻ മുന്നണി തീരുമാനിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി, ജയറാം രമേശ്, സി.പി.ഐ(എം) രാജ്യസഭാ കക്ഷി നേതാവ് ജോൺ ബ്രിട്ടാസ്, ഗൗരവ് ഗൊഗോയ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*