ചെന്നൈ: തമിഴ്നാട്ടിലെ തേനി ജില്ലയിലുള്ള തെക്കമ്പട്ടി സബ്ജയിലിൽ നിന്ന് 17 റിമാൻഡ് പ്രതികൾ ചാടിപ്പോയ സംഭവത്തിൽ മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. മുൻപ് പാർട്ടി ഭാരവാഹി ലഹരിമരുന്ന് കേസിലകപ്പെട്ടപ്പോൾ “ബ്രേക്കിംഗ് ബാഡ് പാർട്ടി” എന്ന് പരിഹസിച്ച സ്റ്റാലിൻ, ജയിൽച്ചാട്ടത്തിന് പിന്നാലെ തമിഴ്നാട്ടിൽ ഇപ്പോൾ “പ്രിസൺ ബ്രേക്ക്” ആരംഭിച്ചിരിക്കുകയാണെന്ന് പരിഹസിച്ചു.
ജാമ്യത്തിലിറങ്ങിയ കുറ്റവാളികൾ മാത്രമല്ല, ജയിലിനുള്ളിലുള്ളവർ പോലും സുരക്ഷിതമായി പുറത്തുകടക്കുന്ന അവസ്ഥയാണെന്ന് സ്റ്റാലിൻ എക്സിൽ കുറിച്ചു. 1995-ന് ശേഷമുള്ള ഏറ്റവും വലിയ ജയിൽച്ചാട്ടമാണിതെന്നും അനാസ്ഥ നിറഞ്ഞ ഈ സർക്കാർ ജനങ്ങളെ സംരക്ഷിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തടവുചാടിയവർ വിജയിയുടെ ആരാധകരോ ടിവികെ പ്രവർത്തകരോ ആണോ എന്ന് പരിശോധിക്കണമെന്ന് ഡിഎംകെ നേതാവ് ടി.കെ.എസ്. ഇളങ്കോവൻ പരിഹസിച്ചു.
ജയിലിനുള്ളിൽ പോലീസുകാർ ആക്രമിക്കപ്പെടുകയാണെങ്കിൽ തെരുവിൽ സാധാരണക്കാരുടെ സുരക്ഷ എന്താണെന്ന് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസാമി ചോദിച്ചു.തമിഴ്നാട് ജയിൽ ഡി.ജി.പി സന്ദീപ് റായ് റാത്തോഡ് അന്വേഷണത്തിനായി മധുരയിലെത്തി.
തടവുചാടിയ 17 പേരിൽ നാല് പേരെ ഇതിനകം പിടികൂടിയിട്ടുണ്ട്. ബാക്കിയുള്ളവർ തേനിയിലെ കാട്ടുപ്രദേശങ്ങളിൽ ഒളിച്ചിരിക്കുന്നു എന്ന നിഗമനത്തിൽ ഡ്രോണുകൾ ഉപയോഗിച്ചും 16 ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചും പൊലിസിന്റെ തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്.

Be the first to comment