ബെൽറ്റാണെന്ന് കരുതി തൊടാൻ ആഞ്ഞു; വീട്ടിൽ കയറിയത് കൂറ്റൻ രാജവെമ്പാല!

വീട്ടിൽ നിലത്തു വീണുകിടന്ന ബെൽറ്റാണെന്ന് കരുതി കൈയിലെടുക്കാൻ ശ്രമിച്ച വീട്ടുകാരൻ ഞെട്ടി, മുന്നിൽ പത്തിവിടർത്തി കൂറ്റൻ രാജവെമ്പാല. കോട്ടയം എരുമേലി ഏയ്ഞ്ചൽവാലിയിലെ പൊങ്ങന്താനം ബാബുവിന്റെ വീട്ടിലാണ് സംഭവം. തറയിൽ കിടന്ന കറുത്ത വസ്തു ബെൽറ്റാണെന്ന് തെറ്റിദ്ധരിച്ച് എടുത്തുമാറ്റാൻ തുനിഞ്ഞപ്പോഴാണ് അത് രാജവെമ്പാലയാണെന്ന് ബാബു തിരിച്ചറിഞ്ഞത്.

മുറിക്കുള്ളിൽ പാമ്പിനെ കണ്ടതോടെ വീട്ടുകാർ ബഹളം വെച്ചു. തുടർന്ന് പാമ്പ് സമീപത്തെ ശുചിമുറിയിലേക്ക് കയറുകയായിരുന്നു. വീട്ടുകാർ ഉടൻ തന്നെ വനംവകുപ്പിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരും പാമ്പുപിടുത്തക്കാരും ചേർന്ന് മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ സാഹസികമായി രാജവെമ്പാലയെ വലയിലാക്കി.

രാവിലെ കതക് തുറന്നിട്ട സമയത്താകാം പാമ്പ് അകത്തുകയറിയതെന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. പിടികൂടിയ രാജവെമ്പാലയെ പിന്നീട് ഉൾവനത്തിലേക്ക് തുറന്നുവിടുമെന്ന് അധികൃതർ വ്യക്തമാക്കി. ജനവാസമേഖലയോട് ചേർന്ന ഭാഗങ്ങളിൽ പാമ്പ് ശല്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരായ വി.വി. അനിൽകുമാർ, ദീപു, പി. പ്രസന്നൻ, എ.എസ്. സുധീഷ്, എൻ.കെ. സുഭാഷ് എന്നിവരുടെ നേതൃത്വത്തിലാണ് രാജവെമ്പാലയെ പിടികൂടിയത്.

Be the first to comment

Leave a Reply

Your email address will not be published.


*