ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെ മുംബൈയിൽ നടന്ന വെടിവയ്പ്പിന് പിന്നിൽ അധോലോക നേതാവ് ലോറൻസ് ബിഷ്ണോയിയുടെ സംഘമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഒക്ടോബർ 18-ന് മുംബൈ ജൂഹുവിൽ വെച്ച് ടൈഗർ ഷ്റോഫ് സഞ്ചരിച്ചിരുന്ന കാറിന് നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ താരം പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും ഡ്രൈവർക്കും സമീപത്തുണ്ടായിരുന്ന മറ്റൊരാൾക്കും പരിക്കേറ്റിരുന്നു. അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലോറൻസ് ബിഷ്ണോയി സംഘത്തിലെ പ്രമുഖനായ അനിൽ പണ്ഡിറ്റാണ് ആക്രമണത്തിന്റെ പ്രധാന സൂത്രധാരൻ.
ടൈഗർ ഷ്റോഫിനെ ലക്ഷ്യമിട്ട് എട്ട് മാസത്തിലേറെയായി ബിഷ്ണോയി സംഘം താരത്തിന്റെ ദിനചര്യകളും യാത്രകളും നിരീക്ഷിച്ച ശേഷമാണ് വെടിവയ്പ്പ് നടത്തിയത്. കേസിൽ ഹരിയാനയിൽ നിന്ന് അക്രമികൾക്ക് സാമ്പത്തിക സഹായവും ആയുധങ്ങളും എത്തിച്ചുനൽകിയ പ്രധാന കണ്ണിയെ മുംബൈ ക്രൈംബ്രാഞ്ചും പ്രാദേശിക പോലീസും ചേർന്ന് പിടികൂടി.
ബാങ്ക് അക്കൗണ്ട് ഇടപാടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പുതിയ അറസ്റ്റിലേക്ക് വഴിതുറന്നത്. കേസിൽ കോട്ട, ചിലഗുഡി, ഇൻഡോർ, സോണിപത് തുടങ്ങിയ ഇടങ്ങളിൽ നിന്നായി ഒന്നിലധികം പ്രതികൾ അറസ്റ്റിലായിട്ടുണ്ട്. കേസിലെ പ്രധാന സൂത്രധാരൻ അനിൽ പണ്ഡിറ്റിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികളും പോലീസ് ഊർജ്ജിതമാക്കി.

Be the first to comment