ലക്നോ: ഉത്തർപ്രദേശിലെ സാദത്ത്ഗഞ്ചിൽ പാർക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഒരു കുടുംബത്തിലെ മൂന്നുപേരെ പ്രതി വെടിവച്ചുകൊന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഒക്ടോബർ 26-ന് രാവിലെ പത്തരയോടെയാണ് കൊലപാതകം നടന്നത്. കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ശുക്ലയും (30) തിവാരി കുടുംബവും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ഇത് പിന്നീട് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.
പട്ടാപ്പകൽ ആളുകൾ നോക്കിനിൽക്കെയാണ് പ്രതി വെടിവച്ചത്. വെടിവയ്പ്പിന്റെ 22 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഇതിൽ വെറും 22 സെക്കൻഡിനുള്ളിൽ അഞ്ച് തവണയാണ് പ്രതി ശുക്ല ഇവർക്ക് നേരെ വെടിയുതിർത്തത്. രണ്ട് തവണ വെടിവച്ച ശേഷം പിസ്റ്റൾ റീലോഡ് ചെയ്ത് വീണ്ടും ഇയാൾ വെടിയുതിർക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇയാൾ സ്വന്തം മൊബൈലിൽ പകർത്തുകയും ചെയ്തിട്ടുണ്ട്. “അവർ എന്നെ ഇഷ്ടികകൊണ്ട് എറിഞ്ഞു, അതുകൊണ്ടാണ് ഞാൻ വെടിവച്ചത്” എന്ന് ശുക്ല പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കേൾക്കാം.
സംഭവത്തിൽ ശിവാജി തിവാരി (62), സഹോദരൻ ശിവേന്ദ്ര തിവാരി (55), ശിവേന്ദ്രയുടെ മകൻ സുയാഷ് തിവാരി (30) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മൂവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നാലെ സംഭവസ്ഥലത്തുനിന്ന് തന്നെ പ്രതി ശുക്ലയെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇയാളിൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച പിസ്റ്റളും വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലിസ് അറിയിച്ചു.

Be the first to comment