കൊച്ചി: പുതിയ കൊച്ചി സിറ്റി പൊലിസിന്റെ ആദ്യ വനിതാ കമ്മീഷണറായി ആര്. നിശാന്തിനി ചുമതലയേറ്റു. കാളിരാജ് മഹേഷ് കുമാര്‍ ചുമതല ഒഴിഞ്ഞതിന് പിന്നാലെയാണ് ആര്. നിശാന്തിനി ചുമതലയേറ്റത്.
ചേരാനെല്ലൂരില്‍ അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ മകനായ പതിനേഴുകാരന് ഓടിച്ച കാറിടിച്ച് തട്ടുകട ഉടമ മരിച്ച കേസില്‍ പൊലിസിനുണ്ടായ വീഴ്ചയെ തുടര്‍ന്ന് കമ്മീഷണറായിരുന്ന കാളിരാജ് മഹേഷ് കുമാറിനെ സ്ഥാനത്തു നിന്നു മാറ്റുകയായിരുന്നു.
ചേരാനല്ലൂര്‍ അപകടത്തിലെ അന്വേഷണത്തില്‍ പൊലിസിന്റെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ചകളുണ്ടായെന്നാണ് കണ്ടെത്തല്‍. കേസ് കൈകാര്യം ചെയ്തതിലും തുടരന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചതിലും കമ്മിഷണറുടെ ഭാഗത്തു നിന്ന് അനാസ്ഥയുണ്ടായതായി എഡിജിപി പി. വിജയന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
അന്വേഷണത്തിലെ വീഴ്ചയെ തുടര്‍ന്ന് ചേരാനല്ലൂര്‍ സ്റ്റേഷനിലെ സിഐ ശ്യാംകുമാര്‍, എസ്എച്ച്ഒ വിശ്വജിത്ത്, ഗ്രേഡ് എഎസ്ഐ മനോജ്, സീനിയര്‍ സിപിഒ അരുണ്‍ ജോഷി എന്നിവരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.
അതേസമയം, കേസില്‍ തന്റെ ഭാഗത്ത്നിന്ന് നിയമവിരുദ്ധമായ ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് കാളിരാജ് മഹേഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കാറോടിച്ചിരുന്ന പതിനേഴുകാരന്റെ പിതാവായ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയോ മറ്റാരെങ്കിലുമോ ഇതുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് തന്നെ വിളിച്ചിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഇതുമായി ബന്ധപ്പെട്ട് പ്രചാരണങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് താന്‍ ഇക്കാര്യം തുറന്ന് പറയുന്നത്. ഇക്കാര്യം പറയാന്‍ തനിക്ക് മറ്റൊരു വേദി കിട്ടിയില്ലെന്നും അതുകൊണ്ടാണ് മാധ്യമങ്ങളോട് പ്രതികരിക്കുന്നതെന്നും കാളിരാജ് മഹേഷ് കുമാര്‍ പറഞ്ഞു.

Be the first to comment