ന്യൂഡൽഹി: ഒക്ടോബർ 12-ന് സുപ്രീം കോടതി വളപ്പിൽ നടന്ന പ്രതിപക്ഷ പ്രതിഷേധ മാർച്ചിനിടെ തനിക്കെതിരെ ആക്രമണമുണ്ടായെന്ന് ആരോപിച്ച് മൂന്ന് മാസം ഗർഭിണിയായ മാധ്യമപ്രവർത്തക നൽകിയ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ച് ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്.
ഒക്ടോബർ 12-ന് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ ‘ഇന്ത്യ’ സഖ്യം ഹർജി നൽകാനായി സുപ്രീംകോടതിയിലെത്തിയ സമയത്താണ് സംഭവം. 11 ആഴ്ചയിലധികം ഗർഭിണിയായിരുന്ന തന്നോട് യാതൊരു പരിഗണനയും കാണിക്കാതെ രാഹുൽ ഗാന്ധി ബലമായി തള്ളി മാറ്റിയെന്നും, തുടർന്ന് നിലത്തുവീണ് കൈകൾക്ക് പരിക്കേറ്റെന്നുമാണ് മാധ്യമപ്രവർത്തകയുടെ പരാതി. സംഭവത്തെ തുടർന്ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സർ ഗംഗാറാം ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ പ്രവേശിപ്പിച്ചു. പരസ്യമായി ആക്രമിക്കപ്പെട്ടതും ഉദരത്തിലുള്ള കുഞ്ഞിന്റെ സുരക്ഷയെക്കുറിച്ചുള്ള ഭയവും കടുത്ത മാനസികവും ശാരീരികവുമായ ആഘാതമുണ്ടാക്കിയതായി ഹർജിയിൽ പറയുന്നു.
ന്യൂഡൽഹി ഡിസിപിക്ക് പരാതി നൽകിയിട്ടും ഇതുവരെ രാഹുൽ ഗാന്ധിക്കെതിരെ പൊലിസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും, ഈ സംഭവത്തെ കോൺഗ്രസ് രാഷ്ടീയ പ്രചാരണമായി ചിത്രീകരിക്കാൻ ശ്രമിച്ചുവെന്നും ഹർജിക്കാരി കുറ്റപ്പെടുത്തുന്നു. സംഭവത്തിൽ ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യുക, സുപ്രീംകോടതിയിലെ സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കുക, രാഹുൽ ഗാന്ധിയും കോൺഗ്രസും നിരുപാധികം മാപ്പ് പറയുക, മാധ്യമപ്രവർത്തകയ്ക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിട്ടുള്ളത്.

Be the first to comment