ജ‍ഡ്ജിയുടെ മകൻ കാർ ഓടിച്ചത് 104 കി.മീ വേഗത്തിൽ; പൊലീസ് സ്റ്റേഷന് മുന്നിൽ നാടകീയ രംഗങ്ങൾ; പ്രതിഷേധിച്ച മകൾ തളർന്നുവീണു

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17 കാരനെ ജാമ്യം നൽകി വിട്ടയച്ചതിലെ പ്രതിഷേധത്തിനിടെ മരിച്ച ജയബാലകൃഷ്ണന്‍റെ മകൾ തളർന്നുവീണു. ചേരാനല്ലൂർ പൊലീസ് സ്റ്റേഷന് മുൻപിൽ മകളടക്കമുള്ള കുടുംബാംഗങ്ങൾ കുത്തിയിരിന്ന് പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെയാണ് മകൾ തള‍ർന്നുവീണത്. അതേസമയം, വാഹനാപകടം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. കേസിൽ പ്രതിയായ 17കാരൻ ഓടിച്ച കാർ അമിത വേഗത്തിലായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.

104 കിലോമീറ്റർ സ്പീഡിൽ ആണ് കാര്‍ ഓടിച്ചതെന്നാണ് നിഗമനം. വേഗതയുടെ ദൃശ്യങ്ങൾ 17കാരരന്‍റെ മൊബൈലിൽ കണ്ടെത്തി. പ്രതിക്കെതിരെ 181,183 മോട്ടോർ ആക്ട് ചുമത്തിയിട്ടുണ്ട്. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചു, അമിതവേഗതിയിൽ വാഹനം ഓടിച്ചു എന്നിവയാണ് വകുപ്പുകൾ. ചേരാനല്ലൂർ പൊലീസ് സ്റ്റേഷന് മുൻപിൽ പ്രതിഷേധം രാത്രി വൈകിയും തുടരുകയാണ്. പ്രതിഷേധവുമായി കൂടുതൽ സംഘടനകൾ രംഗത്ത് വരുന്നുണ്ട്. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.

അപകടത്തിന് പിന്നാലെ പിടിയിലായ 17കാരന് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചതിലാണ് കുടുംബത്തിന്‍റെ പ്രതിഷേധം. 17 കാരന്‍റെ അച്ഛനായ ജഡ്ജിക്കെതിരെ കേസെടുക്കണമെന്നടക്കമുള്ള ആവശ്യങ്ങളാണ് കുടുംബം മുന്നോട്ട് വച്ചിരിക്കുന്നത്. ഈ ജഡ്ജി അപകടത്തിന് പിന്നാലെ ധാർഷ്ട്യത്തോടെ സംസാരിച്ചെന്ന് ജയബാലകൃഷ്ണന്റെ ബന്ധുക്കൾ ആദ്യം തന്നെ ആരോപണം ഉന്നയിച്ചിരുന്നു. തങ്ങളെ ചോദ്യംചെയ്യാൻ വരേണ്ടെന്നാണ് ജഡ്ജി പറഞ്ഞതെന്നും സംഭവത്തിൽ ജഡ്ജിക്കെതിരേയും കേസെടുക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. നേരത്തെ സി പി എം, ഡി വൈ എഫ് ഐ, ബി ജെപി, യുവമോർച്ച പ്രവർത്തകരും വിവിധ സമയങ്ങളിലായി പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചിരുന്നു. ജഡ്ജിയുടെ സ്വാധീനത്തിലാണ് 17 കാരനായ മകന് പൊലീസ്, സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചതെന്നാണ് ആരോപണം.

Be the first to comment

Leave a Reply

Your email address will not be published.


*