കുടുംബത്തിൽ എല്ലാവരും കരച്ചിൽ; പാൻകാർഡിൽ നായർ വന്നത് അക്ഷരം മാറി : ശ്രീവിദ്യ മുല്ലച്ചേരി

നടിയും അവതാരകയുമായ ശ്രീവിദ്യ മുല്ലച്ചേരി, ഭർത്താവും സംവിധായകനുമായ രാഹുൽ രാമചന്ദ്രന്റെ പാൻ കാർഡിൽ വന്ന പേരിലെ പിഴവ് ചൂണ്ടിക്കാട്ടി പങ്കുവച്ച വീഡിയോ ശ്രദ്ധ നേടുന്നു. പാൻ കാർഡിലെ വിവരങ്ങൾ തിരുത്താൻ നൽകിയപ്പോൾ രാഹുലിന്റെ പിതാവിന്റെ പേരാണ് തെറ്റായി രേഖപ്പെടുത്തി തിരിച്ചുനൽകിയത്. ‘രാമചന്ദ്രൻ നായർ’ എന്നതിനു പകരം ‘രാമചന്ദ്രൻ നാറി’ എന്നാണ് കാർഡിൽ അച്ചടിച്ചിരിക്കുന്നത്. സംഭവം നർമം കലർത്തിയാണ് ശ്രീവിദ്യ വീഡിയോയിൽ അവതരിപ്പിച്ചത്.

“സുഹൃത്തുക്കളേ, എന്റെ വീട്ടിൽ നടന്ന ഒരു വിഷമകരമായ കാര്യം പറയാനാണ് വന്നത്. ഭർത്താവ് പാൻ കാർഡിലെ വിവരങ്ങൾ തിരുത്താൻ നൽകിയിരുന്നു. കാർഡ് തിരികെ ലഭിച്ചപ്പോൾ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് ‘രാമചന്ദ്രൻ നായർ’ എന്നതിനു പകരം ‘രാമചന്ദ്രൻ നാറി’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എത്ര കഷ്ടമാണെന്ന് ആലോചിച്ചുനോക്കൂ.

അദ്ദേഹത്തിന്റെ പിതാവ് ഇപ്പോൾ ജീവിച്ചിരിപ്പില്ല. ജീവിച്ചിരുന്ന കാലമത്രയും ആരിൽനിന്നും മോശം അഭിപ്രായം കേൾക്കേണ്ടിവരാത്ത വിധം ജീവിക്കുകയും നിരവധി കുട്ടികൾക്ക് അറിവ് പകർന്നുനൽകുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം. കാർഡ് ലഭിച്ചതുമുതൽ ഭർത്താവും അമ്മയും സോഫയിൽ കമിഴ്ന്നുകിടന്ന് കരയുകയാണ്,” ശ്രീവിദ്യ പറഞ്ഞു.

പേരിലെ അക്ഷരങ്ങൾ മാറ്റി എഴുതിയതിനെക്കുറിച്ച് രാഹുലും വീഡിയോയിൽ പ്രതികരിച്ചു. ‘RI’ എന്നതിനു പകരം ‘RIN’ എന്നായിരുന്നെങ്കിൽ പേര് ‘രാമചന്ദ്രൻ നരൻ’ എന്നാകുമായിരുന്നുവെന്നും ഈ പിഴവ് തിരുത്താൻ എവിടെയാണ് സമീപിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

പേര് ‘രാമചന്ദ്രൻ നാറി’ എന്നല്ല, ‘രാമചന്ദ്രൻ നരി’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ശ്രീവിദ്യ രാഹുലിനെ ആശ്വസിപ്പിക്കാനും ശ്രമിച്ചു. തന്റെ പിതാവിന്റെ പേരും മുമ്പ് സമാനമായ രീതിയിൽ തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തി.

“ഒരിക്കൽ എന്റെ പിതാവിന്റെ പേര് ‘കരിച്ചേരി കുഞ്ഞമ്പു നായർ’ എന്നതിനു പകരം ഒരാൾ രസീതിൽ ‘കരിച്ചേരി കുഞ്ഞമ്പു നായ’ എന്നാണ് എഴുതിയത്. എന്റെ കുടുംബത്തിൽ മാത്രം എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ജാതിയെയും മതത്തെയും കുറിച്ച് സംസാരിക്കരുതെന്ന് കാരണവന്മാർ പറയുന്നത് വെറുതെയല്ല,” ശ്രീവിദ്യ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*