യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി

ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി മമ്മൂട്ടി. യുവാക്കളാണ് നമ്മുടെ നാടിന്റെ സ്വത്തെന്നും അവരുടെ ശബ്ദം കേള്‍ക്കണമെന്നുമാണ് മമ്മൂട്ടിയുടെ പ്രതികരണം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി കൂടുതല്‍ സെലിബ്രിറ്റികളെത്തുന്നതിനിടെയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി കൂടി വിഷയത്തില്‍ പ്രതികരണം അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. യുവാക്കളാണ് നമ്മുടെ നാടിന്റെ സ്വത്ത്. അവരുടെ ശബ്ദം ശ്രദ്ധിക്കണം. അവരെ സംരക്ഷിക്കണം. അവരെ ശാക്തീകരിക്കണം എന്നാണ് മമ്മൂട്ടി കുറിച്ചിരിക്കുന്നത്. നടന്‍ ടൊവിനോ തോമസും കുഞ്ചാക്കോ ബോബനും ഉള്‍പ്പെടെയുള്ള നിരവധി മലയാളി താരങ്ങള്‍ ഉള്‍പ്പെടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമരത്തെ പിന്തുണച്ച് രംഗത്തെത്തിയത്. ഇതില്‍ പലരും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണവും ടൊവിനോ യുവമോര്‍ച്ചയുടെ നേരിട്ടുള്ള പ്രതിഷേധവും നേരിട്ടിരുന്നു. വിഷയത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ച മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാലും സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. മമ്മൂട്ടിയുടെ പോസ്റ്റിന് താഴെയും പിന്തുണച്ചും വിമര്‍ശിച്ചും നിരവധി കമന്റുകളാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ വന്നിരിക്കുന്നത്.

താരങ്ങള്‍ സെലക്ടീവായി പ്രതികരിക്കുന്നുവെന്നും അവരുടെ രാഷ്ട്രീയ ചായ്വ് മാത്രമാണ് പ്രകടിപ്പിച്ചിരിക്കുന്നത് എന്നാണ് പ്രതികരിച്ചവര്‍ക്കെതിരെ വരുന്ന വിമര്‍ശനങ്ങള്‍. കേരളത്തിലെ പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധത്തെ പിന്തുണയ്ക്കാത്തത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനങ്ങള്‍. എന്നാല്‍ പ്രതികരിച്ച താരങ്ങള്‍ നട്ടെല്ലുള്ളവരാണെന്നും അവര്‍ വെള്ളിത്തിരയിലെ മാത്രമല്ല പുറത്തും ഹീറോസാണെന്നും യുവാക്കള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രശംസിക്കുന്നുമുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*