വൈഷ്ണോദേവി ക്ഷേത്രത്തിൽ സംഭാവനയായി ലഭിച്ച 67 കിലോ വെള്ളിയാഭരണങ്ങൾ വ്യാജമെന്ന് കണ്ടെത്തൽ

ജമ്മുകശ്മീരിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ ഭക്തർ വഴിപാടായി സമർപ്പിച്ച വെള്ളിയാഭരണങ്ങളിൽ ഭൂരിഭാ​ഗവും വ്യാജമാണെന്ന് കണ്ടെത്തൽ. വർഷങ്ങളായി ലഭിച്ച ഏകദേശം 500 കോടി വിലമതിക്കുന്ന വെള്ളിയാഭരണങ്ങളാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. പരിശോധനയ്ക്ക് അയച്ച 70 കിലോഗ്രാം വെള്ളിയാഭരണങ്ങളിൽ വെറും മൂന്ന് കിലോഗ്രാം മാത്രമാണ് യഥാർത്ഥ വെള്ളി. ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അഞ്ച് മുതൽ ആറ് വർഷം വരെ ഭക്തരിൽ നിന്ന് ലഭിച്ച 20 ടൺ വെള്ളി വഴിപാടുകൾ പരിശോധിക്കുന്നതിന് ജമ്മു കശ്മീരിന് പുറത്തുള്ള സർക്കാർ മിന്റിലേക്ക് അയച്ചതോടെയാണ് വിവരങ്ങൾ പുറത്തുവന്നത്.

പരിശോധനയിൽ ആകെ ലോഹത്തിന്റെ അഞ്ച് മുതൽ ആറ് ശതമാനം വരെ മാത്രമാണ് യഥാർഥ വെള്ളിയെന്ന് കണ്ടെത്തി. ബാക്കി ഭാഗം കാഡ്മിയം, ഇരുമ്പ്, മറ്റ് വിലകുറഞ്ഞ ലോഹങ്ങൾ എന്നിവയാണ്.

വെള്ളി കുടകൾ, നാണയങ്ങൾ, ആഭരണങ്ങൾ, മറ്റ് വെള്ളി വസ്തുക്കൾ എന്നിവയാണ് വഴിപാടായി ഭക്തർ സമർപ്പിക്കുന്നത്. ഇവ സുരക്ഷിതമായി സൂക്ഷിച്ച ശേഷം നിശ്ചിത ഇടവേളകളിൽ ശുദ്ധീകരണത്തിനായി അയക്കുകയും, ലഭിക്കുന്ന വെള്ളി ശ്രൈൻ ബോർഡിന്റെ ചട്ടങ്ങൾ അനുസരിച്ച് ഉപയോഗിക്കുകയോ പണമായി മാറ്റുകയോ ചെയ്യുന്നതാണ് പതിവ്.

വെള്ളിയോടൊപ്പം അടങ്ങിയിരിക്കുന്ന പ്രധാന മാലിന്യഘടകമായ കാഡ്മിയം അതീവ വിഷാംശമുള്ളതും അർബുദത്തിന് കാരണമാകാൻ സാധ്യതയുള്ളതുമായ ലോഹമാണ്. ഇത് വഴിപാടുകൾ കൈകാര്യം ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യത്തിന് ദോഷകരമാണ്.

വ്യാജ വെള്ളി വിവാദവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ ജമ്മുകോടതി ക്രൈം ബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥരോട് നിർദേശിച്ചു. കേസ് ജൂലൈ 29-ന് വീണ്ടും പരിഗണിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*