കൊല്ലപ്പെട്ട ഇറാൻ മുൻ പരമോന്നത ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങുകളുടെ ഭാഗമായുള്ള വിലാപയാത്രയിൽ പങ്കെടുത്ത് ആയിരങ്ങൾ. ജനക്കൂട്ടത്തിനൊപ്പം ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും കാൽനടയായി വിലാപയാത്രയിൽ പങ്കെടുത്തു. വ്യാഴാഴ്ച
മഷ്ഹദിലാകും സംസ്കാര ചടങ്ങുകൾ പൂർത്തിയാകുക. ആധുനിക ഇറാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടമാണ് മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങുകൾക്കായി ടെഹ്റാനിൽ ഒത്തുകൂടിയത്.
ഗ്രാൻഡ് മൊസല്ല മതസമുച്ചയത്തിൽ നിന്ന് ആരംഭിച്ച വിലാപയാത്രയിൽ ഇറാനിയൻ പതാകയും ഷിയാ ആചാരങ്ങളുടെ ഭാഗമായ ചുവപ്പും,പച്ചയും കൊടികളുമേന്തി ലക്ഷക്കണക്കിന് ജനങ്ങൾ അണിനിരന്നു. ഇറാനിയൻ ജനതയും അവരുടെ ഐക്യദാർഢ്യവുമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ആസ്തിയെന്ന് ആയത്തുള്ള അലി ഖമനയി പഠിപ്പിച്ചെന്ന് പെസഷ്കിയാൻ എക്സിൽ കുറിച്ചു. പിതാവിന്റെ അന്ത്യ കർമങ്ങളിൽ പങ്കെടുക്കാൻ ഖമനെയിയുടെ മറ്റ് മൂന്ന് ആൺമക്കൾ എത്തിയെങ്കിലും , പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മുജ്തബ ഖമനെയിയുടെ അസാന്നിധ്യം ചർച്ചയായിരിക്കുകയാണ് . മരണാനന്തര ചടങ്ങുകളിൽ ഇന്ത്യ പങ്കെടുത്തതിൽ ഇറാൻ സർക്കാർ നന്ദി രേഖപ്പെടുത്തി . ചൊവ്വാഴ്ച പുണ്യനഗരമായ ഖോമിലായിരിക്കും സംസ്കാര ചടങ്ങുകൾ തുടരുക.
തുടർന്ന് ബുധനാഴ്ച വടക്ക് കിഴക്കൻ ഇറാനിലെ പുണ്യസ്ഥലമായ മഷ്ഹദിലെ ഇമാം റെസയിൽ സംസ്കാര ചടങ്ങുകൾ പൂർത്തീകരിക്കുമെന്നും ഭരണനേതൃത്വം അറിയിച്ചു. ഖമനയിയുടെ സംസ്കാര ചടങ്ങിനിടെ അമേരിക്കയും ഇറാനും പരസ്പരം ആക്രമണം നടത്തില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. സംസ്കാര ചടങ്ങിനു ശേഷം ഇറാനുമായുള്ള ചർച്ചകൾ തുടരുമെന്നും ട്രംപ് അറിയിച്ചു.
സംസ്കാര ചടങ്ങുകളുടെ ഭാഗമായി ഇന്ന് ടെഹ്റാനിലെ വ്യോമാതിർത്തി പൂർണ്ണമായും അടച്ചിട്ടിരുന്നു.

Be the first to comment