വാർത്താ ചാനലുകൾക്ക് പിന്നാലെ വിനോദം, കായികം തുടങ്ങിയ എല്ലാത്തരം ടെലിവിഷൻ ചാനലുകളുടെയും റേറ്റിങ് നിർത്തിവെക്കാൻ കേന്ദ്ര സർക്കാർ. ഇത്തരം റേറ്റിങ് നൽകുന്ന ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലി (BARC) നോടാണ് നിർദേശം നൽകിയത്.
ഇതുവരെ വാർത്താ ചാനലുകൾക്ക് മാത്രമാണ് നേരത്തെ നിയന്ത്രണം ഉണ്ടായിരുന്നത്. മധ്യേഷ്യയിലെ യുദ്ധം തുടങ്ങിയതിനു പിന്നാലെ മാർച്ച് ആറിനാണ് വാർത്താ ചാനലുകളുടെ റേറ്റിങ് നിർത്തിയത്. യുദ്ധം സംബന്ധിച്ച് അടിസ്ഥാനമില്ലാത്ത ഊഹാപോഹങ്ങൾ വാർത്തകൾ ആയി നൽകുന്നത് പ്രേക്ഷകരിൽ ഭീതി ഉളവാക്കുന്നു എന്ന പരാതി ഉയർന്നതിന് പിന്നാലെയാണ് ഈ നടപടി ഉണ്ടായത്. ന്യൂസ് ചാനലുകളുടെ റേറ്റിങ് മാത്രം നിർത്തിവെച്ചിരുന്ന നടപടി ഇപ്പോൾ നോൺ-ന്യൂസ് വിഭാഗങ്ങളിലേക്കും വ്യാപിപ്പിച്ചതോടെ ഇന്ത്യയിലെ ടിവി പ്രേക്ഷക റേറ്റിങ് സംവിധാനം പൂർണമായി നിർത്തി.
ഇന്ത്യയിലെ ഏക ടെലിവിഷൻ പ്രേക്ഷക റേറ്റിങ് ഏജൻസിയാണ് ബാർക്ക്.ഓരോ ആഴ്ചയുമാണ് ബാർക് കണക്കുകൾ പുറത്തുവിടുന്നത്. പ്രോഗ്രാമുകളുടെ പ്രകടനവും പരസ്യ മൂല്യവും വിലയിരുത്താൻ ബ്രോഡ്കാസ്റ്റർമാരും പരസ്യദാതാക്കളും ഇവരുടെ പ്രതിവാര റേറ്റിങ്ങു കളെയാണ് ആശ്രയിക്കുന്നത്.
കഴിഞ്ഞ നാലു മാസത്തിലേറെയായി ആഴ്ച്ച തോറുമുള്ള ടെലിവിഷൻ റേറ്റിങ് പുറത്തുവരുന്നില്ല. നയപ്രകാരമുള്ള രജിസ്ട്രേഷൻ പൂർത്തിയാകുന്നതുവരെ ടിവി റേറ്റിങ് പ്രസിദ്ധീകരിക്കുന്നത് നിർത്തിവെക്കാനാണ് കേന്ദ്ര വാർത്താവിനിമയ-പ്രക്ഷേപണ മന്ത്രാലയം ഉത്തരവിട്ടത്.
2014-ലെ നയത്തിന് പകരമായാണ് മാർച്ചിൽ നിലവിൽ വന്ന പുതിയ ടെലിവിഷൻ റേറ്റിങ് നയം 2026 കൊണ്ടുവന്നത്. പുതിയ ചട്ടങ്ങൾ പ്രകാരം രജിസ്ട്രേഷൻ അംഗീകാരം ലഭിക്കുന്നതുവരെ റേറ്റിങ് ഏജൻസികൾക്ക് റേറ്റിംഗ് പ്രസിദ്ധീകരിക്കാൻ അനുമതിയില്ല. ഇത് താത്ക്കാലിക നടപടിയാണെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
പുതിയ നയത്തിലെ പ്രധാന മാറ്റങ്ങൾ
ടെലിവിഷൻ റേറ്റിംഗിൽ നിന്ന് ലാൻഡിംഗ് പേജ് വ്യൂവർഷിപ്പ് ഒഴിവാക്കി. ഇത്തരം വിവരങ്ങൾ മാർക്കറ്റിംഗ് ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാനാവൂ.
ടെലിവിഷൻ റേറ്റിംഗ് ഏജൻസികൾക്കായുള്ള കുറഞ്ഞ ആസ്തി നിബന്ധന 20 കോടി രൂപയിൽ നിന്ന് 5 കോടി രൂപയായി കുറച്ചു. ഇതിലൂടെ കൂടുതൽ കമ്പനികൾക്ക് പ്രേക്ഷക റേറ്റിംഗ് മേഖലയിലേക്ക് പ്രവേശിക്കാൻ അവസരം ലഭിക്കും.
കേബിൾ ടിവി, ഡിടിഎച്ച്, ടെറസ്ട്രിയൽ ടിവി, ഒടിടി പ്ലാറ്റ്ഫോമുകൾ, കണക്ടഡ് ടിവി എന്നിവ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള നിരീക്ഷണം പുതിയ നയം നിർബന്ധമാക്കുന്നു.
റേറ്റിംഗ് ഏജൻസികൾ തങ്ങളുടെ പ്രവർത്തനരീതിയും വിവരങ്ങളും പരസ്യപ്പെടുത്തണമെന്നും, കൃത്യമായ ഇടവേളകളിൽ ഓഡിറ്റിങിന് വിധേയമാകണമെന്നും, 2023-ലെ ഡിജിറ്റൽ പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ആക്ട് പാലിക്കണമെന്നും നിർദേശമുണ്ട്.
ചട്ടങ്ങൾ ലംഘിക്കുന്ന ഏജൻസികൾക്കെതിരെ റേറ്റിംഗ് സസ്പെൻഷൻ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിക്കും.

Be the first to comment