ഷാങ്ഹായ് സഹകരണ സംഘടനയുടെ (SCO) പ്രഥമ നാഗരികതാ സംവാദ വേദിയിലേക്ക് പാകിസ്താന്റെ ദേശീയ പൈതൃക-സാംസ്‌കാരിക മന്ത്രി ഔറംഗസേബ് ഖാൻ ഖിച്ചിയെ ഇന്ത്യ ക്ഷണിച്ചു. നവംബർ 20 മുതൽ 22 വരെ ഡൽഹിയിൽ വെച്ചാണ് അന്താരാഷ്ട്ര ഉച്ചകോടി നടക്കുന്നത്. എസ്.സി.ഒ അംഗരാജ്യങ്ങളായ ബെലാറസ്, ചൈന, ഇറാൻ, റഷ്യ ഉൾപ്പെടെയുള്ള പത്ത് രാജ്യങ്ങളുടെ പ്രതിനിധികൾക്കും ഇന്ത്യ ഔദ്യോഗികമായി ക്ഷണം നൽകിയിട്ടുണ്ട്.
2025 മേയിൽ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ ആരംഭിച്ച ‘ഓപ്പറേഷൻ സിന്ദൂറി’നുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ പശ്ചാത്തലത്തിൽ ഇതാദ്യമായാണ് ഒരു പാക് മന്ത്രിക്ക് ഇന്ത്യയുടെ ഔദ്യോഗിക ക്ഷണം ലഭിക്കുന്നത്. ക്ഷണം സ്വീകരിച്ച് ഖിച്ചി ഡൽഹിയിലെത്തിയാൽ, 2023-ൽ ഗോവയിൽ നടന്ന എസ്.സി.ഒ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്ത ബിലാവൽ ഭൂട്ടോ സർദാരിക്ക് ശേഷം ഇന്ത്യ സന്ദർശിക്കുന്ന മുതിർന്ന പാക് മന്ത്രിയായി അദ്ദേഹം മാറും. അംഗരാജ്യങ്ങൾക്കിടയിലെ സാംസ്‌കാരിക സഹകരണം ലക്ഷ്യമിട്ട് താജിക്കിസ്താനിൽ നടന്ന യോഗത്തിലാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഈ സാംസ്‌കാരിക സംവാദ വേദി പ്രഖ്യാപിച്ചത്.

Be the first to comment