സംസ്ഥാനവ്യാപക പരിശോധനയില്‍ 568 ലിറ്റർ ഉപയോഗിച്ച പാചക എണ്ണയും വൃത്തിഹീനമായ സാഹചര്യത്തില്‍ നിർമിച്ച 7,000 വറുത്ത പലഹാരങ്ങളും നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 32 സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തായും മന്ത്രി വ്യക്തമാക്കി.
ഇന്ന് പുലർച്ചെ മൂന്ന് മണി മുതല്‍ സംസ്ഥാനത്തുടനീളം 56 പരിശോധനാ സംഘങ്ങളെ വിന്യസിച്ചായിരുന്നു പരിശോധന. 160 ലഘുഭക്ഷണ നിർമാണ യൂണിറ്റുകളില്‍ പരിശോധന നടത്തി. ഉപയോഗിച്ച പാചക എണ്ണയുടെ ഗുണനിലവാരം അളക്കുന്നതിനുള്ള പ്രത്യേക ഉപകരണം ഉപയോഗിച്ച് സ്ഥലത്തുവെച്ചുതന്നെ എണ്ണ പരിശോധിച്ചു.
നിശ്ചിത ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാത്ത 568 ലിറ്റർ പാചക എണ്ണയും വൃത്തിഹീനമായ സാഹചര്യത്തില്‍ നിർമിച്ച് വിതരണത്തിനായി സൂക്ഷിച്ചിരുന്ന 7,000 വറുത്ത പലഹാരങ്ങളുമാണ് നശിപ്പിച്ചത്. നിയമലംഘനങ്ങള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് തിരുത്തല്‍ നിർദേശങ്ങള്‍ ഉള്‍പ്പെടെ 23 അറിയിപ്പുകള് നല്കി. ആറു കേസുകള്‍ തുടർനിയമനടപടികള്‍ക്കായി ശുപാർശ ചെയ്തു. 80 സ്ഥാപനങ്ങള്‍ക്കെതിരെ പിഴയടച്ചുള്ള നടപടികള്‍ക്കും ശുപാർശ നല്കി.
പാചക എണ്ണ ആവർത്തിച്ച് ചൂടാക്കുന്നതും ദീർഘകാലം ഉപയോഗിക്കുന്നതും എണ്ണയുടെ ഗുണനിലവാരം കുറയ്ക്കുകയും ദോഷകരമായ രാസഘടകങ്ങളുടെ അളവ് വർധിപ്പിക്കുന്നതിനും കാരണമാകും. ടോട്ടല്‍ പോളാർ കോമ്പൗണ്ട്സ് 25 ശതമാനത്തില്‍ കൂടുതലുള്ള എണ്ണ വീണ്ടും പാചകത്തിന് ഉപയോഗിക്കാൻ പാടില്ല. ഭക്ഷ്യവ്യാപാര സ്ഥാപനങ്ങള്‍ എണ്ണയുടെ ഗുണനിലവാരം കൃത്യമായി പരിശോധിക്കുകയും ഉപയോഗശൂന്യമായ എണ്ണ നിയമാനുസൃതമായി സംസ്കരിക്കുകയും വേണം.
സുരക്ഷിതമല്ലാത്ത പാചക എണ്ണയുടെ ഉപയോഗത്തിനും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനങ്ങള്‍ക്കുമെതിരെ കർശന പരിശോധനകളും നടപടികളും തുടരുമെന്നു ആരോഗ്യ മന്ത്രി കെ.മുരളീധരൻ പറഞ്ഞു.

Be the first to comment