പിഎസ്‌സി പരീക്ഷാ ക്രമക്കേട്: ചെയർമാൻ എം ആർ ബൈജുവിന് ക്രൈംബ്രാഞ്ച് നോട്ടീസ്

പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ചെയർമാൻ എം.ആർ. ബൈജുവിന് നോട്ടീസ് അയച്ച് ക്രൈംബ്രാഞ്ച്. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

അതേസമയം, പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന ഗവർണറുടെ ശുപാർശയിൽ ഉടൻ നടപടിയെടുക്കേണ്ടതില്ലെന്നാണ് കമ്മിഷന്റെ നിലപാട്. രാഷ്ട്രപതി സ്വീകരിക്കുന്ന നിലപാട് അറിഞ്ഞശേഷം തുടർനടപടികൾ ആലോചിച്ചാൽ മതിയെന്നാണ് തീരുമാനം. ഗവർണർ രാഷ്ട്രപതിക്ക് നൽകിയ ശുപാർശയുടെ വിശദാംശങ്ങളോ ബന്ധപ്പെട്ട രേഖകളോ പിഎസ്‌സിക്ക് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഇപ്പോൾ തീരുമാനമെടുക്കുന്നത് ഉചിതമല്ലെന്നാണ് കമ്മിഷന്റെ വിലയിരുത്തൽ.

പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജുവിനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഗവർണർ രാജേന്ദ്ര ആർലേക്കർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയിരുന്നു. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളും പരാതികളും പരിഗണിച്ചായിരുന്നു നടപടി. ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നതിൽ രാഷ്ട്രപതിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. അതേസമയം, ഗവർണറുടെ ശുപാർശയുടെ നിയമസാധുത സംബന്ധിച്ച് നിയമവിദഗ്ധർക്കിടയിലും സർക്കാരിനകത്തും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.

പിഎസ്‌സിക്കെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഡിജിപിക്ക് മാത്രം 180 പരാതികൾ ലഭിച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും മുഖ്യമന്ത്രി രേഖാമൂലം നൽകിയ മറുപടിയിൽ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*